ന്യൂദല്‍ഹി: മതസ്ഥാപനങ്ങളുടെ നടത്തിപ്പിനായി ഫലപ്രദമായ നിയമം കൊണ്ടുവരുന്ന സാധ്യത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ജമ്മു കശ്മീര്‍ ഹൈക്കോടതി. ശ്രീബജ്രംഗ് ദേവ് ധരം ദാസ് ജി മന്ദിറിന്റെ മാനേജ്മെന്റുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജസ്റ്റിസ് സഞ്ജീവ് കുമാര്‍, ജസ്റ്റിസ് എം.എ. ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇസ്ലാമിക ഭീകരരുടെ ആക്രമണങ്ങള്‍ മൂലം പലായനം ചെയ്യേണ്ടി വന്നതിനാല്‍ നിരവധി ക്ഷേത്രങ്ങള്‍ കശ്മീരില്‍ അനാഥമാവുകയും ചിലര്‍ കൈയേറുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് പ്രമുഖ ക്ഷേത്രങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള അധികൃതര്‍ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ശ്രീനഗറിലെ ബജ്രംഗ് ദേവ് ധരം ദാസ് ജി മന്ദിര്‍, ശ്രീനഗറിലെ ബര്‍സുള്ളയിലെ രഘുനാഥ് ക്ഷേത്രം, ഗന്ദര്‍ബാലിലെ അസ്തപന്‍ ദേവരാജ് ഭരവ്, അനന്ത്നാഗിലെ നാഗ്ബാല്‍ ഗൗതം നാഗ ക്ഷേത്രം, ശ്രീനഗറിലെ താക്കൂര്‍ ദ്വാര മന്ദിര്‍ എന്നീ ക്ഷേത്രങ്ങളുടെ ഭരണമാണ് കൈമാറുക.
1990 കളില്‍ കശ്മീര്‍ താഴ്വരയില് ഇസ്ലാമിസ്റ്റ് ആക്രമണങ്ങള്‍ നടന്നപ്പോള്‍ ക്ഷേത്ര സ്വത്തുക്കള്‍ കൊള്ളയടിക്കുന്നത് വ്യാപകമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ക്ഷേത്രങ്ങള്‍ പതിവായി ദര്‍ശിക്കുകയും അവയുടെ നടത്തിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ന്യൂനപക്ഷ സമുദായം അവരുടെ ജീവന് രക്ഷിക്കാന്‍ താഴ്വരയില് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതോടെ ക്ഷേത്രങ്ങള്‍ അനാഥമായി. സാഹചര്യം മുതലെടുത്ത്, പലരും ക്ഷേത്രസ്വത്തുക്കള്‍ കൈയടക്കി.
അന്നത്തെ സര്‍ക്കാര്‍, ക്ഷേത്രങ്ങളുടെയും സ്വത്തുക്കളുടെയും അവസ്ഥ അവഗണിച്ചു. ഈ ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും നഗരപ്രദേശങ്ങളിലായതിനാല്‍, അവയുടെ ഉയര്‍ന്ന മൂല്യം കാരണം, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പരസ്പരം വ്യവഹാരം നടത്താന്‍ തുടങ്ങി. ഇത് അംഗീകരിക്കാനാവില്ല, കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: