നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപ വില വരുന്ന കള്ളക്കടത്ത് സാധനങ്ങള്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ മൂന്ന് യാത്രക്കാര്‍ കസ്റ്റംസിന്റെ പിടിയിലായി.
രാവിലെ ഒരേ വിമാനത്തിലാണ് മൂന്ന് പേരും സാധനങ്ങളുമായി എത്തിയത്. സ്വര്‍ണത്തിന് പുറമെ ഐ ഫോണ്‍, ഡ്രോണ്‍, ആപ്പിള്‍ വാച്ച്, ലാപ്ടോപ്പ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ സെയ്ദ്, നവാസ്, ജയ്നുല്ലാബ്ദീന് എന്നിവരാണ് പിടിയിലായത്.
പത്ത് ലക്ഷം രൂപ വിലവരുന്ന 150 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ മാലകള്‍ പാന്റിന്റെ പോക്കറ്റിലാണ് സെയ്ദ് ഒളിപ്പിച്ചിരുന്നത്. കൂടാതെ ഇയാളില്‍ നിന്നും നാല് ഡ്രോണ്‍ കാമറകള്‍, ഐഫോണ്‍ 15 പ്രോമാക്സ് 12 എണ്ണം, രണ്ട് ആപ്പിള്‍ വാച്ചുകള്‍, ഐഫോണ്‍ 13 പ്രോ 11 എണ്ണം, 12 ലാപ്ടോപ്പുകള് എന്നിവയും പിടികൂടിയിട്ടുണ്ട്. ആകെ 40 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തത്. 105 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല നവാസ് എന്ന യാത്രക്കാരന് പോക്കറ്റിലാണ് ഒളിപ്പിച്ചിരുന്നത്. ഇതിന് 7.11 ലക്ഷം രൂപ വിലവരും. ഇതോടൊപ്പം ഒരു ഡ്രോണ്‍ കാമറ, ഐഫോണ്‍ 12 പ്രൊ 15 എണ്ണം, ഐഫോണ്‍ 15 പ്രോ 15 എണ്ണം, 15 പ്രോ മാക്സ് നാല്, ഗൂഗിള്‍ പിക്സല്‍ 8 അഞ്ച് എണ്ണം, ഗൂഗ്ള്‍ പിക്സല്‍ 7 പ്രോ മൂന്ന് എണ്ണം, 9 ലാപ്ടോപ്പുകള് എന്നിവയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആകെ 34.46 ലക്ഷം രൂപ വില വസ്തുക്കള്‍ ഈ യാത്രക്കാരനില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
ജയ്നുല്ലാബ്ദീന് എന്ന യാത്രക്കാരന് 101 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാലയാണ് അനധികൃതമായി പോക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇതിന് 6.80 ലക്ഷം രൂപ വിലവരും. കൂടാതെ രണ്ട് ഡ്രോണ്‍ കാമറകള്‍, പത്ത് ഐഫോണ്‍ 13 പ്രോ മൊബൈല്‍ ഫോണുകള്‍, ആറ് ഐഫോണ്‍ 15 പ്രോ മാക്സ് ഫോണുകള്‍, ആറ് ഐഫോണ്‍ 15 പ്രോ, രണ്ട് ആപ്പിള്‍ വാച്ചുകള്‍, ഒന്‍പത് ലാപ്ടോപ്പുകള് എന്നിവയും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ആകെ 30.10 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: