തിരുവനന്തപുരം: വയനാട്ടിലെ അതിദാരുണമായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ തനത് ഉല്‍സവമായ ഓണാഘോഷം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഓണാഘോഷത്തെ അതിജീവനത്തിനുള്ള മാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിനാളുകളും സംരംഭകരും ഉണ്ട്. കലാകാരര്‍, പന്തല്പ്പണിക്കാര്, ഇവന്റ് സംരംഭകര്‍, പൊതുസ്ഥലങ്ങളില്‍ ചെറുകിട വിപണനകേന്ദ്രങ്ങള്‍ നടത്തുന്ന വഴിയോര കച്ചവടക്കാര്‍, പൊതുഗതാഗതം, ഭക്ഷണശാലകള്‍, കാര്‍ഷിക ഉത്പന്നങ്ങളും പൂക്കളും വില്ക്കുന്നവര്, ടൂറിസംമേഖല, റീട്ടെയില്‍ മേഖല… ഇങ്ങനെ സമസ്തമേഖലകളിലും ഓണാഘോഷത്തിന്റെ അഭാവം ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല.
ഓണവിപണി നിശ്ചലമാകുന്നതോടെ സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സ് ഏറെ ശുഷ്കിച്ചുപോകും. 25,000 കോടി രൂപയുടെ വരുമാനനഷ്ടവും 10,000 കോടി രൂപയുടെ വരുമാന ആഘാതവും ഉണ്ടാകും. 50,000 മുതല്‍ ഒരുലക്ഷം പേര്‍ക്കുവരെ ജോലി നഷ്ടമാകുകയും ചെയ്യും.
കേരളത്തിലുണ്ടായ ഏറ്റവും വലിയ തീവണ്ടി അപകടം പെരുമണ്‍ ദുരന്തം ഓണക്കാലത്തായിരുന്നു. 105 പേരുടെ കൂട്ടമരണം ഉണ്ടായിട്ടും ഓണം മുടങ്ങിയില്ല; ഒരാഘോഷവും ഉപേക്ഷിച്ചില്ല.
1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി ദുരന്തം സംഭവിച്ചത്. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം മാറ്റിവെക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നു. നായനാര്‍ മന്ത്രിസഭായോഗത്തില്‍ വ്യത്യസ്ഥാഭിപ്രായങ്ങള്‍ ഉയര്‍ന്നു. ടൂറിസം മന്ത്രി പി എസ് ശ്രീനിവാസന് ഓണാഘോഷം റദ്ദാക്കുന്നതിനോട് യോജിച്ചില്ല. പ്രകൃതി ദുരന്തങ്ങള്‍ പേമാരിയായും വരള്‍ച്ചയായും ഉരുള്‍പ്പൊട്ടലായും മറ്റ് തരത്തിലും സംഭവിക്കാമെന്നും അതിന്റെ പേരില്‍ ഓണം പോലുള്ള ദേശീയ ആഘോഷങ്ങള്‍ ലാഘവത്തോടെ റദ്ദാക്കിക്കൂടാ എന്നതായിരുന്നു പി എസ് ശ്രീനിവാസന്റെ നിലപാട്.
അവസാനം മുഖ്യമന്ത്രി നായനാരും അതിനോടു യോജിച്ചു. തെക്കന്‍ കേരളം ഒരു മാസത്തോളം ശവപ്പറമ്പായിരുന്നു. എങ്ങും തോരാത്ത കണ്ണീര്. നീണ്ട സമയത്തെ തയ്യാറെടുപ്പ് കൊണ്ടാണ് ഓണം വിപണി തയ്യാറാകുന്നത്. അത് ഉപേക്ഷിച്ചാല്‍ വ്യാപാരരംഗത്ത് വലിയപ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നത് നിസ്സാരമായി കാണാനാകില്ല എന്നതായിരുന്നു മന്ത്രി ശ്രീനിവാസന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: