അലഹബാദ്: ദേശീയ പതാകയില്‍ ഖുറാന്‍ വാക്യങ്ങളെഴുതി ചേര്‍ത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് അലഹബാദ് ഹൈക്കോടതി. ഇവര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കാനും ജാമ്യം നല്‍കാനും ഹൈക്കോടതി വിസമ്മതിച്ചു.
ലാ ഇലാഹി ഇല്ലില്ലാഹ് മുഹമ്മദ് ഉല്‍ റസൂല്‍ അല്ലാഹ് (അള്ളാഹു അല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായി മറ്റാരുമില്ല)എന്നാണ് അറബിയില്‍ എഴുതിയിരുന്നത്. മതഘോഷയാത്രയില്‍ ഖുറാനിലെ വാക്യങ്ങള്‍ എഴുതിയ ദേശീയ പതാക ഏന്തിയതിന് ഉത്തര്‍പ്രദേശിലെ ജലോണ്‍ സ്വദേശിയായ ഗുലാമുദ്ദീനും മറ്റ് 5 പേര്‍ക്കുമെതിരെ പോലീസ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
പ്രതികളുടെ പ്രവൃത്തി പ്രഥമദൃഷ്ട്യാ ദേശീയ പതാക കോഡ് 2002 പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ജസ്റ്റിസ് വിനോദ് ദിവാകര്‍ പറഞ്ഞു. ദേശീയ മാനബിന്ദുക്കളെ അപമാനിക്കുന്നത് തടയാനുള്ള നിയമം പ്രതികള്‍ ലംഘിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ത്രിവര്‍ണ പതാക മത ധാര്‍മികതയ്‌ക്കും സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കും അതീതമായി രാജ്യത്തിന്റെ ഐക്യത്തിന്റെയും നാനാത്വത്തിന്റെയും പ്രതീകമാണ്. കൂട്ടായ സ്വത്വത്തെയും പരമാധികാരത്തെയും പ്രതിനിധീകരിക്കുന്ന ഏകീകൃത ചിഹ്നമാണിത്. പതാകയോടുള്ള അനാദരവ് ദൂരവ്യാപകമായ സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.
ജാഥയ്‌ക്കിടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
ത്രിവര്‍ണ പതാകയില്‍ അറബിയില്‍ എന്തോ എഴുതിയിരിക്കുന്നതായി ഈ സമയത്ത് പലരും കണ്ടു . പിന്നീട് ഇത് വാക്യങ്ങളും ഖലിമകളുമാണെന്ന് മനസിലായി. നഗരത്തിലെ ഖാസി മൗലാന സാബിര്‍ അലിയെ ജലൗനിലേക്ക് വിളിച്ചുവരുത്തി തിരക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: