പൂച്ചാക്കല്‍ (ആലപ്പുഴ): നവജാത ശിശുവിനെ കുഴിച്ചു മൂടിയ സംഭവത്തിലെ ഒന്നാം പ്രതി പാണാവള്ളി 13 ാം വാര്‍ഡ് ആനമൂട്ടിച്ചിറ വീട്ടില്‍ സോനാ ജോജി (ഡോണ-22) യെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്ന ഡോണയെ, വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള രണ്ടാം പ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), സഹായി തകഴി ജോസഫ് ഭവനത്തില്‍ അശോക് ജോസഫ് (30) എന്നിവരെ ഡോണയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചേ വീട്ടിലെത്തി ഡോണയുടെ കയ്യില്‍ നിന്ന് രഹസ്യമായി കുഞ്ഞിനെ വാങ്ങിയതുള്‍പ്പെടെ എല്ലാ വിവരങ്ങളും പോലീസിനോട് വിശദീകരിച്ചു. രണ്ടാം നിലയിലുള്ള സണ്‍ഷെയ്ഡിലൂടെയാണ് കുഞ്ഞിനെ കൈമാറിയത്. പ്രസവിച്ച ശേഷം ഒന്നാം പ്രതിയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ കയ്യില്‍ കിട്ടിയപ്പോള്‍ കുട്ടി മരിച്ചിരിക്കയായിരുന്നു എന്നാണ് രണ്ടും മൂന്നും പ്രതികളുടെ മൊഴി. പ്രസവിച്ച് മണിക്കുറുകള്‍ക്ക് ശേഷമാണ് ഡോണ കുട്ടിയെ പ്രതികളെ ഏല്‍പ്പിച്ചത്.
നിലവില്‍ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തിയതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും മൃതദേഹം രഹസ്യമായി മറവു ചെയ്തതിനുമാണ് കേസ്. ഇത് കൊലപാതകകമാണോ എന്നതില്‍ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരണമെന്നാണ് പോലീസിന്റ നിലപാട്. രാജസ്ഥാനില്‍ പഠിച്ചിരുന്നപ്പോഴാണ് യുവതിയും തോമസ് ജോസഫുമായി പ്രണയത്തിലായത്. ഒന്നര വര്‍ഷമായി ഇവര്‍ അടുപ്പത്തിലാണ്. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: