ആറാം തവണയും നടി ഉര്‍വശിയെ തേടി മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനമായിരുന്നു നടിയ്ക്ക് അംഗീകാരം നേടി കൊടുത്തത്. അഭിനയത്തിന്റെ കാര്യത്തില്‍ ഉര്‍വശിയോളം പോന്ന നടിമാര്‍ കുറവാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.
പതിമൂന്നാം വയസില്‍ അഭിനയിച്ച് തുടങ്ങി ഇപ്പോഴും സജീവമായി തുടരുന്ന ഉര്‍വശിയുടെ അഭിനയ ജീവിതത്തെ പറ്റി കുറിപ്പുമായി എത്തിയിരിക്കുകയാണ് ശാരദക്കുട്ടി ടീച്ചര്‍. മേക്കപ്പാണോ അഭിനയമെന്ന് ഉര്‍വ്വശിയെ നോക്കി ഇതുവരെ ആരും ചോദിച്ചിട്ടില്ലെന്നാണ് ടീച്ചര്‍ പറയുന്നത്.
പരിമളം എന്ന തമിഴ് പെണ്‍കുട്ടിയായി മുന്താണൈ മുടിച്ച് എന്ന ഭാഗ്യരാജ് ചിത്രത്തില്‍ വരുമ്പോള്‍ ഉര്‍വ്വശിക്ക് പ്രായം 13. പരിമളാ പരിമളാ എന്ന് പൊടിക്കുട്ടികള്‍ വരെ വിളിച്ചു പിന്നാലെ നടന്ന പൊടിമോള്. എന്തൊരു പ്രകടനമായിരുന്നു! കേരളത്തിലും കയ്യടി മുഴക്കി തീയേറ്ററുകള്‍ നിറഞ്ഞോടി.
അന്നു തുടങ്ങിയ നിലക്കാത്ത കയ്യടിയാണ് ഉര്‍വ്വശി ഇന്നും വാങ്ങിക്കൊണ്ടിരിക്കുന്നത്. ക്യാമറ കണ്ടാല്‍ ഉര്‍വ്വശി മറ്റൊരാളാണ്. അസാമാന്യമായ ഒരു ട്രാന്സ്ഫോര്മേഷന് അവരില്‍ സംഭവിക്കാറുണ്ട്.
ക്യാമറയില്ലാത്ത അവരുടെ ജീവിതത്തിലെ കറുത്ത ദിനങ്ങളെ അവര്‍ മറന്നത് ഈ പരിണാമത്തിന്റെ ശക്തിയിലാണ്. അത്ര പെട്ടെന്നൊന്നും നടിമാരുടെ സ്വകാര്യ ജീവിതത്തെ മറക്കാത്ത മലയാളിയുടെ ഒളിഞ്ഞുനോട്ട മനസ്സിനെ പോലും ഉര്‍വ്വശി, തിരിച്ചു വരവിന്റെയും ട്രാന്സ്ഫോര്മോഷന്റെയും ഈ മാജിക്കില്‍ തകര്‍ത്തു കളഞ്ഞു.
വാര്‍ധക്യത്തിന്റെ നടപ്പും നോട്ടവും ഭാവാകുലതകളും കണ്ണിലെ അന്ധാളിപ്പും ചുണ്ടിന് കോണിലെ പരിഭ്രമങ്ങളും 54 വയസ്സില്‍ തികച്ചും സ്വാഭാവികമായി വരണമെങ്കില്‍ മേക്കപ്പ് മാത്രം പോരാ. കള്ളിപ്പെണ്ണും അസൂയക്കാരിയും കുശുമ്പിപ്പെണ്ണും നടപ്പില്‍ കാണിക്കുന്ന പിരുപിരുപ്പിന്റെ നേരെ മറുവശമാണത്.
കാശു കൊടുത്തയാളെ സന്തോഷിപ്പിക്കേണ്ട കാര്യമെനിക്കില്ല ശൈലജേ’ എന്നു പറഞ്ഞു കൊണ്ട് അടുക്കളപ്പാത്രത്തിലെ വെള്ളം പുറത്തേക്കെറിയുന്ന തലയിണമന്ത്രത്തിലെ ആ സുലോചനയാകാന് മേക്കപ്പിന്റെ മേമ്പൊടിയൊന്നും വേണ്ട ഉര്‍വ്വശിയ്ക്ക്. അതിനപ്പുറമുള്ള ഒരു മുഴുകല് തന്നെ അവിടെയുണ്ട്.
മേക്കപ്പാണോ അഭിനയമെന്ന് ഉര്‍വ്വശിയെ നോക്കി ഉള്ളൊഴുക്കിലോ ജെ. ബേബിയിലോ അപ്പാത്തയിലോ ഇന്നുവരെ ആരും ചോദിച്ചില്ല. ഇനി ചോദിക്കുകയുമില്ല
ജെ ബേബിയും അപ്പാത്തയും തമിഴ്നാട്ടിലും അംഗീകരിക്കപ്പെടണം. ഇത്ര വര്‍ഷങ്ങളായിട്ടും അവരെ നമുക്ക് മടുക്കുന്നില്ല. അവരുടെ നോട്ടവും ചലനവും പ്രവചനാതീതമാണ് എപ്പോഴും. കമല്‍ഹാസനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജയറാമിനെയും അമ്പരപ്പിച്ച ഒരേയൊരു നടി ഉര്‍വ്വശിയെന്ന് ആ നടന്മാര് അനുഭവബലത്തില്‍ പറഞ്ഞു
ഉര്‍വ്വശി ഒരേയൊരു ഉര്‍വ്വശിയാണ്. ലേഡി വിശേഷണമാവശ്യമില്ലാത്ത ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍…’ എന്നും പറഞ്ഞാണ് എസ്. ശാരദക്കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: