തിരുവനന്തപുരം: ബംഗ്ലാദേശില്‍ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന കലാപം പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു എന്ന് മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
അയല്പക്കത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുദ്ദേശിച്ചുള്ള നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് എതിര്‍ത്തെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംഘടിപ്പിച്ച ‘കത്തുന്ന ബംഗ്ലദേശ്’ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിലെ കലാപത്തെത്തുടര്‍ന്ന് നമ്മുടെ രാജ്യത്തും ഇത്തരം സാഹചര്യങ്ങളും സംഭവങ്ങളും എന്നുണ്ടാകുമെന്ന ചോദ്യങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നത് ഏറെ ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നതാണ്. ഏത് രാജ്യത്തും സ്ഥിരതയുള്ള ഭരണവും ജനക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും ഉണ്ടാകണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നയം. ഒരു രാജ്യത്തെയും അസ്ഥിരപ്പെടുത്താനോ ആ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യാനോ നമ്മളൊരിക്കലും മുതിര്‍ന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളായാല്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും മൗനി ബാബകളാവുമെന്ന് മുരളീധരന് കുറ്റപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലെന്നതാണോ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്നും മുരളീധരന് ചോദിച്ചു.
അയല്പക്കത്ത് സുസ്ഥിരമായ ജനാധിപത്യ ഭരണകൂടങ്ങള്‍ ഉണ്ടാവണമെന്നതാണ് ഇന്ത്യയുടെ താല്പര്യം. എന്നാല്‍ ബംഗ്ലാദേശില്‍ കുഴപ്പമുണ്ടാക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് ബംഗ്ലാ വികാരമോ ജനാധിപത്യ ബോധമോ ഇല്ലെന്നും മതവികാരം മാത്രമാണ് ഉള്ളതെന്നും മുരളീധരന് പറഞ്ഞു. ഹിന്ദു സമൂഹത്തിന് നേരെ അക്രമം നടന്നാല്‍ കണ്ടില്ല എന്ന് നടിക്കുന്നവരുടെ കാപട്യം ജനം തിരിച്ചറിയും. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതാണ് ഭാരതത്തിന്റെ ആപ്തവാക്യം. ദലൈലാമ മുതല്‍ ഷേഖ് ഹസീന വരെ അഭയം തേടി ഇന്ത്യയില്‍ വരുന്നതിന്റെ കാരണം നമ്മുടെ സനാതനപാരമ്പര്യമാണ്. ഒരു മത തീവ്രവാദത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ ശക്തിയെ തകര്‍ക്കാനായിട്ടില്ല. അതിന്റെ കാരണം ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളാണ് എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കണ്‍വീനര്‍ സന്തോഷ്, സംസ്ഥാന സമിതിയംഗം ഡോ. പി.എസ.് മഹേന്ദ്രകുമാര്‍, അര്ജുന് മാധവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: