ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ കേരളത്തിലെത്തും. ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.
കേരള ഹൈക്കോടതിയില്‍ പുതുതായി തയ്യാറാക്കിയ ഡിജിറ്റല്‍ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റല്‍ കോടതികള്‍ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തുന്നത്.
ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയില്‍ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി സുവര്‍ണ ജൂബിലി പരിപാടിയില്‍ പങ്കെടുക്കാനാണ് ജസ്റ്റിസ് ദീപക് മിശ്ര എത്തിയത്.
കേരള ഹൈക്കോടതിയുടെ പുതിയ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, കേരള ഹൈക്കോടതി ജഡ്ജിമാരായ പി ബി സുരേഷ് കുമാർ, ഡി കെ സിങ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: