തിരുവനന്തപുരം: പുതിയ തലമുറ ശ്രീകൃഷ്ണനെക്കുറിച്ച് മനസിലാക്കുന്നത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണെന്ന് എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷം കേരളം ഏറ്റെടുത്തു. കൃഷ്ണ സങ്കല്പം മലയാളികളുടെ മനസ്സില്‍നിന്ന് മായാതിരിക്കാന്‍ ബാലഗോകുലം ചെയ്യുന്ന സേവനം മഹത്തരമാണ്. നിസ്വാര്‍ത്ഥതയോടെ ബാലഗോകകുലം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സംഗീത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.എല്ലാ സംശയങ്ങളും അമ്മയോടും സമൂഹത്തോടും ചോദിച്ച് ഓരോ സമയവും സ്വയം നവീകരിക്കപ്പെടണമെന്നതാണ് കണ്ണന്റെ ജീവിതം നമുക്ക് സമ്മാനിക്കുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിത്തത്തിലും നയത്തിലും കൗശലത്തിലും കൂടിയെല്ലാം ഒരു സമഗ്രജീവിത ദര്‍ശനം പകര്‍ന്നു തരികയാണ് ശ്രീകൃഷ്ണന്. പരുക്കന്‍ കല്ല് നദിയിലൂടെ ഒഴുകി മിനുസപ്പെട്ട് ആകര്‍ഷകമായിത്തീരുന്നതു പോലെ അറിവിന്റെ മഹാനദിയില്‍ ഒഴുകി ഓരോ ശിശുവും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായി തീരണം. ഭാരത്താല്‍ തലകുനിയുന്ന കതിരിനെ ഭാരമില്ലായ്മയാല്‍ തലയുയര്‍ത്തി നില്ക്കുന്ന പതിരുകള്‍ കളിയാക്കുന്ന ഇക്കാലത്ത് ഒരു തലമുറയെ വിവേകത്തോടെ നന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ബാലഗോകുലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.
രാഷ്ട്രീയ നിരീക്ഷകന് ഡോ. ഫക്രുദീന്‍ അലി മുഖ്യാതിഥിയായി. ഭഗവദ്ഗീത ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദം തെറ്റാണെന്നും ഭഗവത്ഗീതയില്‍ പറയുന്നത് ഗുണപരമായ തരംതിരിക്കലിനെക്കുറിച്ചാണെന്നും ഫക്രുദീന്‍ അലി പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ കൂട്ടുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബാലഗോകുലത്തിലെ കുട്ടികളുമായിരുന്നു. ഇവരിലൂടെ ഹിന്ദുവിനും മുസ്ലീമിനും പരസ്പരം മനസിലാക്കാനുള്ള ഗുണപരമായ അവസരം ലഭിച്ചതായാണ് തന്റെ അനുഭവം. കുട്ടിക്കാലത്തുതന്നെ ബാലഭാരതവും ബാലരാമായണവും വായിക്കാന്‍ കഴിഞ്ഞതും പിന്നീട് സംസ്കൃതം പഠിക്കാന്‍ കഴിഞ്ഞതും ഇതിന്റെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാള കലണ്ടറിന്റെ പ്രകാശനം ഡോ. ഫക്രുദീന്‍ അലിക്ക് നല്കി മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന്‍നായര്‍ നിര്‍വഹിച്ചു.
ബാലഗോകുലം മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ പ്രൊഫ.ടി.എസ്.രാജന് അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ജാനകിഅമ്മാള്‍,കാശിനാഥ്, എ.വി. രാധാകൃഷ്ണന്, എസ് വിജുകുമാര്‍, ഡോ എസ് മിനി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: