തിരുവനന്തപുരം ; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവദുഃഖകരമായ പശ്ചാത്തലത്തിലാണ് കേരളം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളം മാത്രമല്ല ഇന്ത്യയാകെ ആ ദുഖഃത്തില്‍ ആഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാല്‍ നമുക്ക് ഇതും അതിജീവിക്കേണ്ടതുണ്ട്. നാടിന്റെ പൊതുവായ അതിജീവനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വതന്ത്ര്യദിന ആഘോഷങ്ങള്‍. സ്വതന്ത്ര്യത്തിന്റെ എട്ടു ദശാബ്ദത്തോളം ആകുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേത് ആകേണ്ടതുണ്ട്.
കഴിഞ്ഞ 78 വർഷം കൊണ്ട് ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചു നിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ അതേഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ഇന്ത്യൻ ജനത ഒന്നാകെ ജാഗരൂകരായി നിന്നിട്ടുണ്ട്. ജാഗ്രത്തായ അത്തരം ഇടപടലുകൾ തുടർന്നും ഉണ്ടാകും എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനും ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്ര്യദിനവും.
സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം, വ്യവസായം, സേവനം, സമ്പദ്ഘടന എന്നിങ്ങനെ പല മേഖലകളിലും വളരെ മികച്ചനിലയിലാണ് ഇന്ന് ഇന്ത്യ ഉള്ളത്. ഐ.ടിയുടേയും സ്റ്റാർട്ട് അപ്പുകളുടേയും ഹബ് ആണ് ഇന്ത്യ. ബഹിരാകാശ മേഖലകളിൽ അടക്കം ശാസ്ത്രസാങ്കേതിക വിദ്യ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: