തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 78-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഓര്‍മ്മകള്‍ വിസ്മരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിസംഘടിപ്പിച്ച ‘വിഭജന ഭീകരതയുടെ സ്മൃതി ദിനം’ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മുറിവ് ഒരോരുത്തരുടെയും മനസില്‍ നീറ്റലായി എരിയുകയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. മുസ്ലിമിന് ഒരു രാഷ്ട്രം ഹിന്ദുവിന് ഒരു രാഷ്ട്രം ഈ തന്ത്രമാണ് ബ്രിട്ടിഷുകാര്‍ പയറ്റിയത്. എന്നാല്‍ വിഭജനത്തിനുവേണ്ടു വാദിച്ച മുസ്ലിം ലീഗ് പിന്നീട് സെക്യുലര്‍ പാര്‍ട്ടിയായി. ഇവിടുത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെയും മാധ്യമ നിരൂപകന്മാരുടെയും സാമൂഹിക സാംസ്കാരിക നായകന്മാരുടെയും വീക്ഷണത്തിന് അനുസരിച്ചുള്ള ഒരു മതനിരപേക്ഷയാണ് കേരളത്തിലെ സെക്യുലറിസം. ഗാസയിലേക്ക് നോക്കുവാന്‍ കണ്ണുകളുണ്ട്. എന്നാല്‍ ബംഗ്ലദേശിലെ അതിഭീകരമായ ഹിന്ദുവംശഹത്യ കാണുന്നില്ല. ബംഗ്ലാദേശിനെ കുറിച്ച് പ്രമേയങ്ങള്‍ ഇല്ല, കവിത എഴുതുന്നില്ല, സാംസ്കാരിക നായകന്മാര്ക്കും സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മൗനമാണ്. ഇതെല്ലാം ഒരു പ്രത്യേക മതവിഭാഗത്തോട് വിധേയത്വം ഉള്ളതുകൊണ്ടാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് അതു സമ്മതിക്കാന്‍ പോലും മടിച്ചയാളുകളാണ് കമ്യൂണിസ്റ്റുകാര്‍. എന്നാല്‍ ഇന്ന് അവര്‍ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി വിലസുകയാണ്.
ബ്രിട്ടീഷുകാരാണ് വിഭജനരാഷ്ട്രീയത്തിലൂടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസുകാര്‍ ആ തന്ത്രം പ്രയോഗിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷനും സ്വാതന്ത്ര്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇന്ത്യ സഖ്യവും രാഹുല്‍ ഗാന്ധിയും രാജ്യത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാജ്യത്തിന്റെ വികസനം തടയാനുള്ള ശ്രമങ്ങളെ നാം ഓരോരുത്തരും തിരിച്ചറിയണമെന്നും സുരേന്ദ്രന് പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജി. കെ. സുരേഷ് ബാബു വിഭജന സ്മൃതിദിന സന്ദേശം നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, കരമന ജയന്, സംസ്ഥാന വക്താവ് പാലോട് സന്തോഷ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കുളനട അശോകന്, അഡ്വ. ജെ. ആര്. പത്മകുമാര്‍, പത്മിനി തോമസ്, തമ്പാനൂര്‍ സതീശ്, മഹേശ്വരന് നായര്‍,അഡ്വ.വി.ജി.ഗിരികുമാര്‍, വെങ്ങാനൂര്‍ സതീശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോട് അനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ദേശീയ പതാകയും വഹിച്ചുകൊണ്ടുള്ള മൗന ജാഥ സെക്രട്ടേറിയേറ്റ് മുന്നിലൂടെ സമ്മേളന വേദിയായ പ്രസ്ക്ലബിനുമുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: