കോട്ടയം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത ഒട്ടേറെ പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. സ്ഥാപനങ്ങളില്‍ ചേരുന്നതിന് മുമ്പ് അവയ്ക്ക് അംഗീകാരം ഉണ്ടോ എന്ന് ഉറപ്പാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പ് മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, കേരള ആരോഗ്യ സര്‍വകലാശാല, അനുബന്ധ കൗണ്‍സിലുകള്‍ എന്നിവയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ അംഗീകാരമില്ലാതെയും ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ സര്‍വകലാശാലയും കേരള ,എംജി, കാലിക്കറ്റ, കണ്ണൂര്‍ സര്‍വ്വകലാശാലകളും അമൃത കല്‍പ്പിത സര്‍വകലാശാലയും നടത്തുന്ന പാരാമെഡിക്കല്‍ ഡിഗ്രി ,പിജി കോഴ്സുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ നടത്തുന്ന വിവിധ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്കും ആരോഗ്യവകുപ്പിന്റെ ഡിഎച്ച്ഐ കോഴ്സിനും ആണ് നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരം ഉള്ളത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിഎസ്സി മുഖേനയുള്ള പാരാമെഡിക്കല്‍ അനുബന്ധ നിയമനങ്ങളിലും കൗണ്‍സില്‍ രജിസ്ട്രേഷന് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ കോഴ്സുകളില്‍ ചേര്‍ന്ന് വഞ്ചിതരാകരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: