രാജ്യത്തിന്റെ നിയമ നിര്‍മാണ സഭകളാണ് രാജ്യസഭയും ലോക്സഭയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴും മറന്നു പോകാറുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കുന്നത് ഭരണഘടനയ്ക്കനുസൃതമായി നിയമ നിര്‍മാണങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണെന്ന പ്രാഥമിക തത്വവും പ്രതിപക്ഷം മറന്നുകഴിഞ്ഞു. പാര്‍ലമെന്റിനെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റി അപമാനിക്കുന്നതില്‍ മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളില്‍ വസ്തുതകള്‍ പലപ്പോഴും കാണുന്നതേയില്ല. നുണപ്രചാരണത്തിനും വിഭജന ചിന്തകള്‍ വളര്‍ത്താനുമുള്ള സ്ഥലമാക്കി പാര്‍ലമെന്റിനെ മാറ്റുന്നത് ഗുണകരമല്ല. പതിനെട്ടാം ലോക്സഭയുടെ ആദ്യ വര്‍ഷകാല സമ്മേളനം സമാപിക്കുമ്പോള്‍ അവശേഷിക്കുന്നത് പ്രതിപക്ഷം ഇരുസഭകളിലും ആവര്‍ത്തിച്ചുന്നയിച്ച ഒരുപറ്റം നുണകള്‍ മാത്രമാണ്. വ്യാജപ്രചാരണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ഭിന്നിപ്പിനെപ്പറ്റി നല്ലവണ്ണം ബോധ്യമുള്ളവരാണ് പ്രതിപക്ഷ നേതാക്കള്‍. വിവിധ വിഷയങ്ങളില്‍ നിരന്തരം നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാഭം മാത്രമല്ല അവര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് അസ്ഥിരതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതിപക്ഷം കിണഞ്ഞുപരിശ്രമിക്കുകയാണ്. പാര്‍ലമെന്റിനെയും അവര്‍ അതിന് ഉപയോഗിക്കുന്നു എന്നത് ഖേദകരമാണ്. ഉപരാഷ്ട്രപതി കൂടിയായ രാജ്യസഭാധ്യക്ഷന് ജഗ്ദീപ് ധന്‍കറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതടക്കമുള്ള പ്രവൃത്തികളുടെ യഥാര്‍ത്ഥ ലക്ഷ്യം രാജ്യത്ത് അസ്ഥിരതയുണ്ടാക്കുക എന്നതു മാത്രമാണ്.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. നിരവധി വര്‍ഷങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി ഖാര്‍ഗെയുണ്ട്. എന്നാല്‍ രാജ്യസഭയില്‍ ഇത്രയധികം തെറ്റിദ്ധാരണാജനകമായ നിലപാടുകള്‍ സ്വീകരിച്ച മറ്റൊരു നേതാവുണ്ടാകില്ല. എന്‍സിഇആര്‍ടി ബുക്കുകളില്‍ നിന്ന് ഭരണഘടനയുടെ ആമുഖം മോദി സര്‍ക്കാര്‍ നീക്കം ചെയ്തെന്നായിരുന്നു കഴിഞ്ഞയാഴ്ച രാജ്യസഭയിലെ ഖാര്‍ഗെയുടെ പ്രധാന ആരോപണം. ഇത്തരത്തില്‍ പച്ചക്കള്ളം പ്രചരിപ്പിക്കരുതെന്ന താക്കീതോടെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഖാര്‍ഗെയ്ക്ക് മറുപടിയും കൊടുക്കേണ്ടിവന്നു. ഇതുവരെയുള്ള എന്‍സിഇആര്‍ടി ബുക്കുകളിലെല്ലാം ആമുഖമുണ്ടെന്ന് പ്രധാന് വ്യക്തമാക്കി. പാരീസ് ഒളിംപിക്സില്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത വന്നതുമായി ബന്ധപ്പെട്ടായിരുന്നു ഖാര്‍ഗെയുടെ മറ്റൊരു പ്രചാരണം. വിവരം പുറത്തുവന്നയുടന്‍ തന്നെ വിനേഷിന്റെ അയോഗ്യതയ്ക്ക് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത്, ഗൂഢാലോചന നടത്തിയത് എന്നെല്ലാമായിരുന്നു ഖാര്‍ഗെയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അപക്വമായ പ്രതികരണം.
ഏറ്റവും പ്രത്യക്ഷത്തിലുള്ള കുത്തിത്തിരുപ്പിന് പ്രതിപക്ഷം അവസരമാക്കിയത് വയനാട് ദുരന്തത്തെയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ അത്രമേല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ കേന്ദ്രസര്‍ക്കാരിനെതിരായ പ്രചാരണോപാധിയാക്കി മാറ്റാന്‍ പ്രതിപക്ഷ എംപിമാര്‍ ശ്രമിച്ചു. കേന്ദ്രസര്‍ക്കാര്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം വഴിയുള്ള അറിയിപ്പ് നല്കാതിരുന്നതു മൂലമാണ് ദുരന്തം സംഭവിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇടതുപക്ഷ എംപിമാരുടേയും കോണ്‍ഗ്രസ് എംപിമാരുടേയും നീക്കം. രാജ്യസഭയില്‍ എ.എ. റഹീമും ജോണ്‍ ബ്രിട്ടാസും നടത്തിയ പ്രസംഗങ്ങളും ലോക്സഭയില്‍ കേരളാ എംപിമാര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവനകളും മാത്രം മതി ദുരന്തത്തെ എത്ര നീചമായാണ് രാഷ്ട്രീയമായി ഇവര്‍ ഉപയോഗിച്ചതെന്ന് തിരിച്ചറിയാന്‍. ഒടുവില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ സമയാസമയം നല്‍കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരിട്ട് ഇരുസഭകളിലും പ്രസ്താവന ഇറക്കേണ്ടിവന്നു. പരിസ്ഥിതി ദുര്‍ബല മേഖലകളിലെ കയ്യേറ്റങ്ങള്‍ക്ക് മൗനാനുവാദം നല്കുന്ന കേരളത്തിലെ ഇടതു-യുഡിഎഫ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ കേന്ദ്രസര്‍ക്കാര്‍ തുറന്നുകാട്ടിയതോടെ കേരളത്തെ അപമാനിച്ചെന്ന് പറഞ്ഞായി പ്രചാരണം. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പിന്നാലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും സംസ്ഥാന സര്‍ക്കാരും പരിസ്ഥിതി മേഖലകളിലെ കയ്യേറ്റങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനെ ചോദ്യം ചെയ്തു രംഗത്തെത്തി. മലയാള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി കേരളത്തിലെ എംപിമാര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ അവര്‍ക്കു തന്നെ തിരിച്ചടിയായി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളുടെ സംരക്ഷണത്തിനായി പുറത്തിറങ്ങാനൊരുങ്ങുന്ന അന്തിമ കേന്ദ്രവിജ്ഞാപനത്തിനെതിരെ രംഗത്തുവരുന്ന ഇതേ എംപിമാരെ വരുംനാളുകളില്‍ നമുക്ക് കാണാനാകും.
ജാതി സെന്‍സസ് വിഷയത്തിലെ അപകടകരമായ രാഷ്ട്രീയക്കളിക്ക് കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നതും വര്‍ഷകാല സമ്മേളനം തെളിയിച്ചു. പ്രതിപക്ഷ നേതാവായ രാഹുല്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ പല ചര്‍ച്ചകളിലും ജാതി സെന്‍സസ് വിഷയം ആവശ്യത്തിനും അനാവശ്യത്തിനും ഉന്നയിച്ചു. സ്വന്തം ജാതി ഏതെന്നറിയാത്തവരാണ് ജാതി സെന്‍സസിന് വേണ്ടി നില്ക്കുന്നതെന്ന മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മറുപടിയോടെയാണ് രാഹുല്‍ തല്ക്കാലം ജാതി സെന്‍സസ് വിഷയത്തില്‍ നിന്ന് പിന്മാറിയത്. രാഹുലിനെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും ആ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നാല്‍ നെഹ്റു കുടുംബത്തിന് കോട്ടം മാത്രമേ സംഭവിക്കൂ എന്നുറപ്പായതിനാല്‍ കോണ്‍ഗ്രസ് വിഷയം ഉപേക്ഷിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ അധികാരമാറ്റവും പ്രധാനമന്ത്രി ഷേഖ് ഹസീന ഭാരതത്തിലേക്ക് അഭയം തേടിയെത്തിയതും കഴിഞ്ഞയാഴ്ചത്തെ ദേശീയ രാഷ്ട്രീയത്തെ സംഭവ ബഹുലമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സംവരണ വിരുദ്ധ പ്രക്ഷോഭം മതതീവ്രവാദ സംഘടനകള്‍ ഏറ്റെടുത്ത് അക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് ഹസീനയ്ക്ക് രാജ്യം വിട്ടോടേണ്ടിവന്നത്. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലിറങ്ങിയ ഷേഖ് ഹസീനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സുരക്ഷിത താമസ സംവിധാനങ്ങള്‍ നല്കി. അതോടൊപ്പം തന്നെ സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ബംഗ്ലാദേശ് വിഷയത്തിലെ സംഭവഗതികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വിശദീകരിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ ബംഗ്ലാദേശ് ഹിന്ദുക്കളെയും ബുദ്ധരേയും കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങള്‍ക്കെതിരെ പാര്‍ലമെന്റിലും സര്‍വ്വകക്ഷി യോഗത്തിലും കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധിച്ചു. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മസ് യൂനുസിന് ആശംസകള്‍ നേര്‍ന്നതിനൊപ്പം തന്നെ ഹിന്ദുകൂട്ടക്കൊലയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കി. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ മൗനം പാലിച്ച കോണ്‍ഗ്രസിന്റെ നടപടി ഏറെ വിവാദമായി. മുന്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ ഇതു ചോദ്യം ചെയ്തത് കോണ്‍ഗ്രസിന് നാണക്കേടായി. ഗാസയിലെ അക്രമങ്ങളില്‍ വാ തോരാതെ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ വാ തുറക്കുന്നില്ലെന്ന് അനുരാഗ് ചോദിച്ചു. നഗ്നമായ മതപ്രീണനമാണ് ഓരോ വിഷയത്തിലും കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ബംഗ്ലാദേശ് വിഷയത്തിലെ അവരുടെ നിലപാട്. രാജ്യത്തെ ഏതു സ്ഥലവും വഖഫ് എന്ന പേരില്‍ ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കിക്കൊണ്ട് 2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി റദ്ദാക്കാനായി കേന്ദ്രസര്‍ക്കാര്‍ പുതിയ വഖഫ് ബില്‍ കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് കാട്ടിക്കൂട്ടിയ വെപ്രാളം ചെറുതല്ല.
2013ലെ ഭേദഗതിയോടെ രാജ്യത്തെ വഖഫ് ഭൂമിയുടെ അളവ് 9.4 ലക്ഷം ഏക്കറായി ഉയര്‍ന്നു. ഏകദേശം ഇരട്ടിയോളമായി വഖഫ് ഭൂമി മാറ്റിയത് ഈ നിയമത്തിലെ ഭേദഗതി ഉപയോഗിച്ചാണ.് തമിഴ്നാട്ടിലെ 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ദളിതര്‍ താമസിക്കുന്ന ഗ്രാമങ്ങളുമെല്ലാം ഒറ്റയടിക്ക് വഖഫ് ഭൂമിയായി മാറിയ മാജിക്ക് കോണ്‍ഗ്രസാണ് രാജ്യത്തിന് സമ്മാനിച്ചത്. ഇത്തരം തെറ്റുകള്‍ തിരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ മുസ്ലിം വിരുദ്ധമെന്ന് ആരോപിച്ച് പ്രീണന രാഷ്ട്രീയത്തിനായി ഉപയോഗിക്കാനാണ് പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നീക്കം. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നടപടികളുടെ തുടര്‍ച്ച മാത്രമാണ് വഖഫ് ബില്‍. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടെങ്കിലും നവംബറില്‍ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ബില്‍ മോദിസര്‍ക്കാര്‍ പാസാക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: