ബെംഗളൂരു: ഹിന്ദുസംഘടനകള്‍ ഭാവാത്മകമായ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായി ഹിന്ദുജീവിതരീതിയെ ലോകമിന്ന് സ്വീകരിക്കുന്നു. 150 രാജ്യങ്ങളിലായി പാര്‍ക്കുന്ന കോടിക്കണക്കിന് ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ വലിയ മാതൃക തീര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രത്തില്‍ ഹിന്ദു സ്വയംസേവക് സംഘ് വിശ്വ കാര്യകര്‍ത്താ വികാസ് വര്‍ഗ് പ്രഥമയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ രാജ്യത്തും താമസിക്കുന്ന ഹിന്ദു സമൂഹം അതാതിടങ്ങളിലെ നിയമങ്ങളെ അനുസരിച്ചും ആ രാജ്യങ്ങളെ ആദരിച്ചും സമാധാനത്തോടെയും സ്നേഹത്തോടെയും കഴിയുന്നു എന്നത് ആഹഌദകരമാണ്. നാം കടന്നുചെന്ന രാജ്യത്തിന് ഒരിക്കലും ബാധ്യതയാകാതിരിക്കാന്‍ ഹിന്ദു സമൂഹത്തിന് കഴിയുന്നു എന്നത് ഒരു ആഗോള സന്ദേശമാണ് നല്‍കുന്നത്.
ലോകമാസകലം ഈ മൂല്യങ്ങളെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സ്വയംസേവക സംഘം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകം നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ഭീഷണികളെ ഹിന്ദുജീവിത മൂല്യങ്ങളെ മുന്‍നിര്‍ത്തി നേരിടാന്‍ കഴിയണമെന്ന് ഹൊസബാളെ പറഞ്ഞു. ജീവിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക ജനതയുമായി ചേര്‍ന്നും സേവാ പ്രവര്‍ത്തനങ്ങള്‍ ചെയ്തും നമ്മുടെ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കണം, അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകനും യുഎന്‍ ഗുഡ് വില്‍ അംബാസഡറുമായ റിക്കി കേജ് അധ്യക്ഷത വഹിച്ചു. ആവശ്യങ്ങള്‍ക്ക് മാത്രം ഉപഭോഗം എന്നത് തലമുറകളിലേക്ക് പകരേണ്ട പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ പ്രൊഫ. ഭഗവതി പ്രകാശ്, ന്യൂസിലാന്‍ഡ് ഹിന്ദു സ്വയംസേവക സംഘ് സംയോജക് അനുപമ ചിട്ടി എന്നിവരും പങ്കെടുത്തു.
19 രാജ്യങ്ങളില്‍ നിന്നുള്ള 200 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുത്തത്. ജൂലൈ 26ന് തുടങ്ങി ആഗസ്ത് 11ന് സമാപിച്ച വര്‍ഗില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഡോ. മന്മോഹന് വൈദ്യ, രാഷ്ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: