കലാപ കലുഷിതമായ ബംഗ്ലാദേശിന്റെ അതിര്‍ത്തിയില്‍ പീഡിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധ-ജൈനമത വിഭാഗക്കാരും അഭയാര്‍ത്ഥികളായി ഭാരതത്തിലേക്ക് വരാന്‍ കാത്തുനില്ക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം അന്നത്തെ പാകിസ്ഥാനില്‍ നടന്ന അതിശക്തമായ വംശഹത്യയെ തുടര്‍ന്ന് 1950 ലും 64 ലും ബംഗ്ലാദേശ് വിമോചനം ഉണ്ടായ 1970-71 കാലഘട്ടത്തിലും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും നിരവധി ന്യൂനപക്ഷ മതവിഭാഗക്കാര്‍ ഭാരതത്തിലേക്ക് വന്നിരുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ നിന്ദ്യമായ വംശഹത്യക്കു വിധേയമാക്കുന്ന നടപടിയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്നത്.
1950 ല്‍ കിഴക്കന്‍ പാകിസ്ഥാന് ആയിരുന്ന ബംഗ്ലാദേശില്‍ 22 ശതമാനം ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇസ്ലാമിക ജിഹാദി സമീപനം കാരണം ഇന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 7.2 ശതമാനമായി കുറഞ്ഞു. ഹിന്ദുക്കളുടെ ജീവനും സ്വത്തും കവര്‍ന്നെടുക്കുക മാത്രമല്ല, മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമവും അവിടെ അരങ്ങേറി. 55 ഹിന്ദുക്ഷേത്രങ്ങള്‍ ഷേഖ് ഹസീന അധികാരം ഒഴിഞ്ഞ ദിവസം മാത്രം തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. സര്‍വ്വകലാശാലകളിലും കോളജുകളിലും ഹിന്ദു വിദ്യാര്‍ഥിനികള്‍ അപമാനിക്കപ്പെട്ടു. തലേദിവസം വരെ ഒന്നിച്ചു നടന്ന സുഹൃത്തുക്കളാണ് മതത്തിന്റെ പേരില്‍ ഹിന്ദു സഹപാഠികളെ അപമാനിച്ചത്, മര്‍ദ്ദിച്ചത്, കെട്ടിയിട്ടത്. ഹിന്ദു ന്യൂനപക്ഷ വ്യാപാര സ്ഥാപനങ്ങള്‍ പരക്കെ കൊള്ളയടിച്ചു. അതിന്റെ ഉടമസ്ഥാവകാശം ബലപ്രയോഗത്തിലൂടെ എഴുതി വാങ്ങി.
അനാഥരാക്കപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കള്‍ വിഭജനകാലത്ത് ഭാരതത്തിലേക്ക് വരാതെ സ്വന്തം മാതൃഭൂമിയില്‍ ജീവിതം വിന്യസിക്കാന്‍ ആഗ്രഹിച്ചവരാണ്. തലമുറ തലമുറകളായി വംഗഭൂമിയില്‍ ജീവിക്കുന്നവരാണ്. ഇന്ന് അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞതിന്റെയും അവരുടെ മാനത്തിന് വില പറഞ്ഞതിന്റെയും ഉത്തരവാദിത്തം ജമാ അത്തെ ഇസ്ലാമി എന്ന ഇസ്ലാമിക ഭീകര സംഘടനയ്ക്കാണ്. ജമാ അത്തെ ഇസ്ലാമി ഭാരത ഭൂഖണ്ഡത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളായ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഭാരതീയ പാരമ്പര്യത്തെ അട്ടിമറിച്ച് അവിടുത്തെ ന്യൂനപക്ഷ ഹിന്ദു വിഭാഗങ്ങളെ മതപരിവര്‍ത്തനം ചെയ്ത് പൂര്‍ണ്ണമായും ഇസ്ലാം മാത്രമുള്ള രാഷ്ട്രമാക്കി മാറ്റാനാണ് ജമാ അത്തെ ഇസ്ലാമിയുടെ നീക്കം. അവസരം കിട്ടിയപ്പോഴൊക്കെ അവര്‍ ന്യൂനപക്ഷ ഹിന്ദു-ക്രൈസ്തവ-സിഖ്-ജൈന വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തികമായ പിന്തുണയും ഉണ്ടായിട്ടുണ്ട്.
1971 ലെ ബംഗ്ലാദേശ് വിമോചന കാലത്ത് രാജ്യത്തുടനീളം ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ജമാ അത്തെ ഇസ്ലാമിയുടെ സംഘടനയായ അല്‍ഷബാബ്, അല്‍ ബദര്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നുവെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മതത്തിന്റെ പേരില്‍ ഭാരതത്തെ വെട്ടിമുറിച്ച് ഇസ്ലാമിന് വേണ്ടി രാഷ്ട്രം കെട്ടിപ്പടുത്ത പാകിസ്ഥാന് അന്ന് പറഞ്ഞ മോഹന വാഗ്ദാനങ്ങള്‍ ഒക്കെ മറന്നു എന്നുമാത്രമല്ല, ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ജിഹാദി മാതൃകയില്‍ വ്യാപകമായി തകര്‍ക്കുകയും ചെയ്തു. ഹിന്ദു പെണ്‍കുട്ടികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതും ബലംപ്രയോഗിച്ചു വിവാഹം കഴിക്കുന്നതും ഉള്‍പ്പടെ അതിശക്തമായ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്ന ആയിരക്കണക്കിന് ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൈനബുദ്ധ സമൂഹവും ഉള്‍പ്പെട്ട ന്യൂനപക്ഷങ്ങളെ ബംഗാളിലും കശ്മീരിലും പുനഃരധിവസിപ്പിക്കാനായി അതിര്‍ത്തി തുറക്കണം. അവര്‍ക്കായി ഭാരതത്തില്‍ വീടുകള്‍ ഒരുങ്ങണം. ഇന്ന് നിയമപരമായും അല്ലാതെയും ഭാരതത്തില്‍ എത്തിയിട്ടുള്ള ഇതര ബംഗ്ലാദേശികളെ ഭാരതത്തില്‍നിന്ന് തിരിച്ചയക്കാനുള്ള ആര്‍ജ്ജവം ഭരണകൂടം കാട്ടണം. കഴിഞ്ഞയാഴ്ച ബംഗ്ലാദേശില്‍ നിന്ന് മുള്ളുവേലി മറികടന്ന് എങ്ങനെയാണ് ഭാരതത്തിലേക്ക് എത്തുന്നതെന്നും ഇവിടെ ബൈക്കും തിരിച്ചറിയല്‍ കാര്‍ഡും അടക്കമുള്ളവ ലഭിക്കുന്നതെങ്ങനെയെന്നും ഒരു യൂട്യൂബര്‍ തത്സമയം ദൃശ്യങ്ങള്‍ ഇട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. അത്തരം അതിര്‍ത്തികള്‍ അടച്ചാല്‍ മാത്രം പോരാ, അനധികൃതമായി കടന്നുവന്ന് ഭാരതവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ തിരിച്ചയക്കാനുള്ള അതിശക്തമായ നടപടികള്‍ ഉണ്ടാവുകയും വേണം.
ബംഗ്ലാദേശിലെ ഈ സംഭവവികാസങ്ങളോടുള്ള മറ്റു രാഷ്ട്രങ്ങളുടെയും ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതികരണം കൂടി നമ്മള് കാണേണ്ടതാണ്. ബംഗ്ലാദേശില്‍ നടക്കുന്ന ന്യൂനപക്ഷ ധ്വംസനത്തിനെതിരെ, വംശഹത്യയ്ക്കെതിരെ അന്താരാഷ്ട്രസംഘടനകള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല എന്ന് കാണുമ്പോഴാണ് ഇതിലെ അമേരിക്കന്‍ സ്വാധീനം പോലും പുറത്തുവരുന്നത്. അമേരിക്കയുടെ വിദേശകാര്യവകുപ്പിലെ ദക്ഷിണ-മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ആണ് ബംഗ്ലാദേശിലെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ എന്ന ആരോപണം ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ തന്നെ ഉയര്‍ത്തിയിരുന്നു. അമേരിക്കയുടെ താല്പര്യത്തിനനുസൃതമായി മറ്റു വിദേശരാജ്യങ്ങളെ ചട്ടം പഠിപ്പിക്കാനും ലോക പോലീസ് ചമയാനും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും നിരവധി സംവിധാനങ്ങള്‍ സിഐഎക്ക് ഉണ്ട്. നിരവധി സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും വഴി സാമ്പത്തിക സഹായം നല്‍കുകയും അതത് രാഷ്ട്രങ്ങളില്‍ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയമില്ലാത്ത സര്‍ക്കാരിതര സംഘടനകളെയും സന്നദ്ധസംഘടനകളെയും ഉപയോഗപ്പെടുത്തുന്നതും പതിവാണ്. ഫോര്‍ഡ് ഫൗണ്ടേഷനും മാഗ്സസെ പുരസ്കാരവും മുതല്‍ നിരവധി സംവിധാനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ ബംഗ്ലാദേശില്‍നിന്ന് നിരവധി അധ്യാപകര്‍ക്കും ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ക്കും അമേരിക്കയില്‍ പരിശീലനം നല്‍കുകയും ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നുമാണ് പുറത്തുവരുന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐയെ പോലും ഇതിനായി കൂട്ടുപിടിച്ചിട്ടുണ്ട് എന്നാണ് ലഭ്യമായ സൂചന.
അവസാനം അന്താരാഷ്ട്രതലത്തില്‍ തന്നെ ഹിന്ദു സമൂഹം പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ചിലരെങ്കിലും പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും അപലപിച്ച് പ്രസ്തവന ഇറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും പരസ്യപ്രസ്തവനയുമായി രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും ഹിന്ദുക്കളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള നടപടികളാണ് വേണ്ടത്. ഏറ്റവും പുതിയ മറ്റൊരു സംഭവവികാസം ബംഗ്ലാദേശില്‍ ഇന്നുവരെ ഉണ്ടാകാത്ത രീതിയില്‍ ഹിന്ദുക്കള്‍ സംഘടിച്ച് തെരുവിലിറങ്ങി എന്നതാണ്. ദുര്‍ഗ്ഗയുടെ നാടായ വംഗഭൂമി തങ്ങളുടെ മാതൃഭൂമിയും ഹൃദയഭൂമിയുമാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, എവിടേക്കും പലായനം ചെയ്യാതെ സ്വന്തം നിലനില്‍പ്പിനായി പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
അമേരിക്കയുടെ താല്പര്യത്തിനെതിരായി ഡോളറിനെ വിനിമയ കറന്‍സിയില്‍നിന്ന് ഒഴിവാക്കി, രൂപ വിനിമയ കറന്‍സി ആക്കുകയും ആ വഴിയിലേക്ക് 50 ലേറെ പ്രമുഖ രാഷ്ട്രങ്ങളെ എത്തിക്കുകയും ചെയ്തതാണ് സാമ്പത്തികരംഗത്ത് അമേരിക്കയെ ചൊടിപ്പിച്ചത്. മാത്രമല്ല, അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടും റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുകയും അതിന് രൂപയില്‍ വിനിമയം നടത്തിയതും അമേരിക്കക്ക് അപ്രിയമായി. ഭാരതത്തിന് ചുറ്റും അസ്വസ്ഥത സൃഷ്ടിക്കാന്‍ തന്നെയാണ് അവരുടെ ശ്രമം. ബംഗ്ലാദേശിലെ അട്ടിമറിയെ അപലപിക്കാനോ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ പരിതപിക്കാനോ ന്യൂനപക്ഷ വംശഹത്യയില്‍ പ്രതിഷേധിക്കാനോ എത്ര വിദേശരാജ്യങ്ങള്‍ തയ്യാറായി എന്നുള്ളതും വിലയിരുത്തപ്പെടണം. ഇതുതന്നെയാണ് ഭാരതത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയും സാമൂഹിക സാംസ്കാരിക നായകന്മാരുടെയും അവസ്ഥ. സദ്ദാം ഹുസൈനെ വധിച്ചപ്പോള്‍ കേരളത്തില്‍ ബന്ദ് ആചരിച്ച സിപിഎം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുവംശഹത്യയെ കുറിച്ച് ഇതുവരെ വായ തുറന്നിട്ടില്ല. അരവിന്ദാക്ഷ മേനോന് കമ്മീഷന് പൂന്തുറ കലാപത്തിന് ഉത്തരവാദി എന്ന് വ്യക്തമായി വരച്ചുകാട്ടിയ അബ്ദുള്‍ നാസര്‍ മദനിയെ ജയില്‍ മോചിതനാക്കാന്‍ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം അംഗീകരിച്ചതാണ്. ആ നിയമസഭയിലെ ഭരണപക്ഷമോ പ്രതിപക്ഷമോ ഇതുവരെ ബംഗ്ലാദേശിലെ ഹിന്ദുവിനുവേണ്ടി മൗനം വെടിഞ്ഞില്ല. സേവ് ഗാസ മുദ്രാവാക്യവുമായി ഹമാസ് ഭീകരര്‍ക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും സ്റ്റാറ്റസ് ഇടുകയും ചെയ്ത ചലച്ചിത്രതാരവും സാംസ്കാരിക നായകരും ബംഗ്ലാദേശിലെ പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് ഹിന്ദുയുവതികളുടെ കണ്ണീര് കണ്ടില്ല. സാംസ്കാരിക നായകന്മാരുടെ സംയുക്ത പ്രസ്താവനയോ മെഴുകുതിരി കത്തിക്കലോ ധര്ണയിരിക്കലോ പാവം ഹിന്ദുക്കള്‍ക്ക് വേണ്ടി ഉണ്ടായില്ല. പക്ഷേ, ഭാരതത്തിലുടനീളം ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും ഈ പ്രശ്നത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. അത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പുതിയ ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിനോട് ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്തത്രേയ ഹൊസബാളെയും ആവശ്യപ്പെട്ടു. ഒരുകാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്. ലോകത്ത് എവിടെയും ഹിന്ദുവിന് ഒരു പ്രശ്നം വന്നാല്‍ അവര്‍ക്ക് ആശ്വാസമരുളാനും അഭയമരുളാനും സാന്ത്വനിപ്പിക്കാനും അവരുടെ കണ്ണീരൊപ്പാനും ആര്‍എസ്എസും പരിവാര്പ്രസ്ഥാനങ്ങളും മാത്രമേ ഉണ്ടാകൂ എന്ന സത്യം. മാത്രമല്ല, ഭാരതത്തില്‍നിന്ന് വേര്‍പെട്ട ഹിന്ദു ന്യൂനപക്ഷമായ എല്ലാ സ്ഥലങ്ങളിലും വംശഹത്യ അരങ്ങേറുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു എന്ന കാര്യവും നമ്മള് തിരിച്ചറിയണം. ഭാരതത്തില്‍നിന്ന് വേര്‍പെട്ട ഇറാനിലും മ്യാന്മറിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെ മതത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അവരുടെ സ്വത്ത് കവരുന്നു. ഇത് നമുക്ക് മുന്നറിയിപ്പ് മാത്രമല്ല, കരുതിയില്ലെങ്കില്‍ വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണെന്ന കാര്യം ഹൈന്ദവ സമൂഹം മനസ്സിലാക്കണം. രാഷ്ട്രീയത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍ വിഘടിച്ച് നില്‍ക്കുന്നതിന് പകരം വരാന്‍ പോകുന്ന ഭീതിദമായ ഭാവിയെക്കുറിച്ച് ഓര്‍ത്ത് ജാഗ്രത പാലിക്കാന്‍ ഹൈന്ദവ സമൂഹത്തിന് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: