വേമ്പനാട്ടുകായലിന്റെ വീണ്ടെടുപ്പിന് കൊച്ചി കുഫോസ് (കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല) നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടും പദ്ധതിയും തയ്യാറായെങ്കിലും തുടര്‍ നടപടിയില്ല.
120 വര്‍ഷത്തിനിടെ കായലിന്റെ സംഭരണശേഷി 85.3 ശതമാനം കുറഞ്ഞുവെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. 900ല്‍ 2617.5 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നുവെങ്കില്‍ 2020ല്‍ വെറും 384.67 മില്ല്യണ്‍ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിസ്തൃതിയില്ലായ്മയാണ് കാരണം. 1900-ല്‍ 365 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗം കുറയുന്നു. കായലിന്റെ വലിയഭാഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഒരുമീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി. തണ്ണീര്‍മുക്കം ബണ്ട്, പാരിസ്ഥിതിക ആഘാതം തുടങ്ങിയ വിവരങ്ങള്‍ വിശദമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഒമ്പത് ദശലക്ഷത്തിലധികം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് വേമ്പനാട്ട് കായല്‍. 19.59ശതമാനം വിസ്തീര്‍ണം സമുദ്രനിരപ്പിന് താഴെയാണ്.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒഴുക്ക് സംയോജിത ഒഴുക്കിനേക്കാള്‍ വളരെ കൂടുതലാണ്. ഇത് സ്പില്‍വേകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്ക് അസന്തുലിതമാക്കുന്നു. അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍,മൂവാറ്റുപുഴ ആറുകളും നദികളും വേമ്പനാട്ട് കായലിലാണ് എത്തിച്ചേരുന്നത്.
കായല്‍ കൈയേറ്റത്തിന്റെയും നശീകരണത്തിന്റെയും കാര്യകാരണങ്ങളുടെ വിശദരേഖയാണ് തയാറാക്കിയത്. കായലില്‍ വന്നുചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലെ പ്രളയസാധ്യതകളെക്കുറിച്ചും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ടെങ്കിലും തുടര്‍നടപടി സ്വീകരിക്കാത്തത് ആശങ്ക ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: