പാരീസ്: ഒളിംപിക്സ് 2024ല്‍ ഭാരതത്തിന്റെ ആറാം മെഡല്‍ ഉറപ്പാക്കാന്‍ ഒരു രാത്രി വെളുപ്പിക്കുവോളമെത്തിയ കഷ്ടപ്പാട് പിന്നെയും വേണ്ടിവന്നു.
57 കിലോ പുരുഷ ഗുസ്തിയില്‍ വെള്ളിയാഴ്ച രാത്രി വിജയിച്ച് വെങ്കലം നേടിയ അമന് ഷെറാവത്തിനെയും കാത്തിരുന്നത് ഗുസ്തിയിലെ കടുത്ത നിബന്ധനയായിരുന്നു. പിറ്റേന്ന് രാവിലെ ഭാര പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വിനേഷ് ഫോഗട്ടിന്റെ ദുര്‍വിധി അമനും നേരിടേണ്ടിവരുമെന്നതായിരുന്നു അവസ്ഥ. പക്ഷെ കഠിനമായ പ്രയത്നത്തിലൂടെ പരിശോധനാ സമയത്ത് അമന് ശരീരഭാരം ക്രമീകരിക്കാന്‍ സാധിച്ചു. 21 കാരനായ അമന് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഒളിംപിക് മെഡല്‍ സ്വന്തമാക്കുന്ന ഭാരത താരമെന്ന റിക്കാര്‍ഡ് തന്റെ പേര്‍ക്ക് ഉറപ്പിച്ചു. ഒപ്പം പാരീസിലെ ഗോദയില്‍ വീണ ഭാരത താരത്തിന്റെ കണ്ണീരിന് തിളങ്ങുന്ന വെങ്കലത്തോടെ കണക്ക് തീര്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രിയിലെ മത്സരം കഴിയുമ്പോള്‍ അമന് ഷെറാവത്തിന്റെ പരിശീലകരായ ജഡ്മന്ദര്‍ സിങ്ങും വീരേന്ദര്‍ ദഹിയയും ചേര്‍ന്ന് പരിശോധിക്കുമ്പോള്‍ താരത്തിന് 57 കിലോ വേണ്ട സ്ഥാനത്ത് 61.5 കിലോ ഉണ്ടായിരുന്നു. പരിധിയേക്കാള്‍ നാലര കിലോ കൂടുതല്‍. പിന്നീടൊരു ഭഗീരത പ്രയത്നമാണ് ഈ രണ്ട് കോച്ചുമാരും ചേര്‍ന്ന് അമന് മെഡലുറപ്പിക്കാന്‍ നടത്തിയത്.
ഉറക്കമില്ലാത്ത ആ രാത്രിയിലെ ഒന്നര മണിക്കൂര്‍ മാറ്റില്‍ ചിലവഴിച്ചുകൊണ്ടാണ് അമന് കഠിനാദ്ധ്വാനം തുടങ്ങിയത്. പിന്നീടുള്ള ഒരു മണിക്കൂര്‍ ഹോട്ട് ബാത്തിനായി ചെലവഴിച്ചു. ഇതിലൂടെ വിയര്‍പ്പ് ജലം പുറത്തേക്ക് പോകുക വഴി ഭാരം കുറയ്ക്കാനായി. രാത്രി 12.30ന് ജിം സെഷനില്‍. ഒരു മണിക്കൂര്‍ നിര്‍ത്താതെ ട്രെഡ് മില്ലില്‍. ഇതിന് ശേഷം അമന് അര മണിക്കൂര്‍ വിശ്രമിച്ചു. തുടര്‍ന്ന് അഞ്ച് മിനിറ്റ് നേരം വീണ്ടും വിയര്‍പ്പിച്ച് പരമാവധി ജലം കൂടി പുറത്തേക്ക് കളഞ്ഞു. പിന്നീട് മസാജിന് വിധേയനാകുകയും ജോഗിങ് ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 900 ഗ്രാം ഭാരം കൂടുതല്‍. പ്രാദേശിക സമയം വെളുപ്പിന് നാലരയോടെ 15 മിനിറ്റ് നേരത്തെ ഓട്ടം. അത് കൂടി പൂര്‍ത്തിയാക്കി പരിശോധിക്കുമ്പോള്‍ 56.9 കിലോയിലേക്ക് കുറഞ്ഞു. ജലാംശം പൂര്‍ണമായും നഷ്ടപ്പെട്ട് ആരോഗ്യനിലയെ ബാധിക്കാതിരിക്കാന്‍ അല്‍പ്പം നാരങ്ങാ നീരും തേനും നല്കി. ഒപ്പം ഒരു കവിള് കാപ്പിയും. തീരെ ഉറങ്ങിയില്ല, ഔദ്യോഗിക ഭാര പരിശോധന നടക്കും വരെ. ഒടുവില്‍ മെഡല്‍ യോഗ്യതയ്ക്ക് അര്‍ഹനെന്ന് വിധിവന്നു. അമന് ഷെറാവത്തും കോച്ചുമാരായ ജഡ്മന്ദറും ദഹിയയും ആശ്വസിച്ചു. ഭാരതം മറ്റൊരു അയോഗ്യതയില്‍ നിന്ന് രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: