ചെന്നൈ: തെലുങ്കാനയിലെ എസ് ബി ഐ ശാഖയില്‍ നിന്ന് 50 ലക്ഷം തട്ടിയ ശേഷം ഒളിവിൽപ്പോയ ബാങ്ക് ജീവനക്കാരനെ 20 വര്‍ഷം പൊലീസ് കിണഞ്ഞ് ശ്രമിച്ചിട്ടും പിടികൂടാന്‍ കഴിയാതായപ്പോള്‍ കോടതി ഇയാള്‍ മരിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷെ ഒളിവില്‍ക്കഴിയുന്ന കാലത്തും ഇയാള്‍ ഒരു ആശ്രമത്തില്‍ കയറിക്കൂടി അവിടെ നിന്നും തട്ടിയത് 70 ലക്ഷം. ഒടുവില്‍ 20 വർഷത്തിന് ശേഷം ഈ ബാങ്ക് ജീവനക്കാരന് പിടിയിലായി. വി ചലപതി റാവു എന്നയാളാണ് അറസ്റ്റിലായത്.
20 വര്‍ഷമായിട്ടും പൊലീസിന് പിടികൂടാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതി ഇയാള്‍ മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ആ പ്രതിയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ നർസിംഗനല്ലൂർ ഗ്രാമത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒളിവിലിരിക്കെ ഇയാള്‍ ഫോൺ നമ്പർ പത്ത് തവണ മാറ്റിയിരുന്നു. തെലുങ്കാന ഹൈദരാബാദിൽ എസ്ബിഐയുടെ ചന്ദുലാൽ ബിരാദാരി ബ്രാഞ്ചിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇലക്ട്രോണിക് ഷോപ്പുകളുടെ വ്യാജ ക്വട്ടേഷനുകളും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരിൽ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും നിർമിച്ചാണ് ഇയാൾ പണം തട്ടിയത്.
2004 മുതൽ കാണാതായ റാവുവിനെതിരെ 2004 ഡിസംബർ 31ന് സിബിഐ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചു. റാവുവിനെ കാണാതായതിനെ തുടർന്ന് ഭാര്യ ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിപ്പ് കേസിൽ ഭാര്യയും പ്രതിയാണ്. റാവുവിനെ കാണാതായി ഏഴ് വർഷത്തിന് ശേഷം മരിച്ചതായി പ്രഖ്യാപിക്കാൻ ഭാര്യ സിവിൽ കോടതിയെ സമീപിച്ചു. തുടർന്നാണ് ഹൈദരാബാദിലെ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ 2007ൽ സേലത്തേക്ക് പോയ ചലപതി റാവു, എം വിനീത് കുമാർ എന്ന് പേരുമാറ്റി അവടെയുള്ള സ്ത്രീയെ വിവാഹം ചെയ്തു. 2014-ൽ റാവു സേലം വിട്ട് ഭോപ്പാലിലെത്തി, അവിടെ വായ്പാ റിക്കവറി ഏജന്റായി ജോലി ചെയ്തു. അവിടെ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്തി സ്കൂളിലും ജോലി ചെയ്തു. 2016ൽ രുദ്രാപൂർ വിട്ട് ഔറംഗബാദിലെ ഗ്രാമത്തിലെ ഒരു ആശ്രമത്തിലെത്തി. അവിടെ നിന്ന് സ്വാമി വിധിതാത്മാനന്ദ തീർത്ഥ എന്ന പേരിൽ ആധാർ കാർഡ് സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂരിലേക്ക് താമസം മാറുന്നതിന് മുമ്പ് റാവു ആശ്രമത്തിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വർഷം ജൂലൈ എട്ടിന് തിരുനെൽവേലിയിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.
അടുത്തതായി കടൽമാർഗ്ഗം ശ്രീലങ്കയിലേക്ക് കടക്കാന്‍ ഇയാള്‍ പദ്ധതിയിട്ടുവരികയായിരുന്നു. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ റാവുവിനെ ആഗസ്ത് 16 വരെ റിമാൻഡ് ചെയ്തു.2002 മെയിലാണ് സിബിഐ ചലപതി റാവുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: