മേപ്പാടി : ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ചൂരല്‍മല നടന്നുകണ്ടും ക്യാംപിലെത്തിയും ആശുപത്രിയില്‍ കഴിയുന്ന ദുരന്തബാധിതരെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി ചൂരല്‍മലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പില്‍ ചിലവഴിച്ചത്. ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ആശുപത്രിയിലുള്ള ദുരന്തബാധിതരെ മോദി ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരെയും മോദി കണ്ടു.
കല്പറ്റയില് നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. വെള്ളാര്‍മല സ്കൂളിന്റെ പുറകുവശത്തെ തകര്‍ന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ, എഡിജിപി എം.ആര്.അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.
വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.
ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു. കണ്ണൂരില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്. ആദ്യം ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയശേഷം കല്പറ്റയില് ഹെലികോപ്റ്റര്‍ ഇറങ്ങി. തുടര്‍ന്ന് റോ!ഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് പോകുകയായിരുന്നു. വ്യോമനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: