തൊപ്പിയൂരി സലാം വയ്ക്കണം ഈ ശ്രീജേഷിനെ. ഒളിംപിക്സില്‍ തുടര്‍ച്ചയായി രണ്ടാമതും ഭാരതത്തെ മെഡല്‍ നേട്ടത്തിലെത്തിച്ചതിനു മാത്രമല്ല, ഭാരത ഹോക്കിയെ ആത്മവിശ്വാസത്തിന്റെ പുതിയ തലത്തിലേയ്ക്ക് ഉയര്‍ത്തി പ്രതിഷ്ഠിച്ചതിന.് ഒപ്പം, സ്വന്തം വിടവാങ്ങല്‍ രാജകീയമാക്കിയതിനും. ഭാരത ഹോക്കിയുടെ ശ്രീമാനാണ് ഈ കൊച്ചിക്കാരന്. ഹോക്കി കളത്തില്‍ ഇനി ഈ ഗോള്‍കീപ്പര്‍ ഉണ്ടാവില്ലെന്ന സത്യം വേദനിപ്പിക്കുന്നതാണെങ്കിലും ശ്രീ കുറിച്ചിട്ട പോരാട്ടമികവിന്റെ ചരിത്രം ഭാരത ഹോക്കിയെ വരും നാളുകളില്‍ ഏറെ ആവേശം കൊള്ളിക്കും. പാരീസില്‍ വെങ്കല മെഡല്‍ പോരില്‍ സ്പെയിനിനെ 2-1നു കീഴടക്കിയ ഭാരത ടീം ഈ ചെറുപ്പക്കാരനോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ക്യാപ്റ്റന്റെ കുപ്പായമണിയാത്ത നായകനായിരുന്നു പാരീസില്‍ ശ്രീജേഷ്. ടീമിനെ എങ്ങനെ വിജയതൃഷ്ണയിലേയ്ക്കെത്തിക്കണമെന്നു ശ്രീയില്‍ നിന്നു പഠിക്കണം. ഹോക്കി ഒരു ടീം ഗെയിമാണെന്നും വിജയം ഒരാളുടേതു മാത്രമല്ലെന്നും സമ്മതിക്കുന്നു. പക്ഷേ, ശ്രീയുടെ കാര്യത്തില്‍ അതിനു മാറ്റമുണ്ടെന്നു പറഞ്ഞേ പറ്റൂ. അപകടം എവിടെ വരുന്നോ അവിടെ രക്ഷകനായി എത്താനുള്ള കഴിവാണ് ഈ ഗോള്‍കീപ്പറെ വ്യത്യസ്തനാക്കുന്നത്. വിടവാങ്ങല്‍ മത്സരത്തിലും അത് ആവര്‍ത്തിക്കുകയും ചെയ്തു. വെങ്കലമെഡല്‍ പോരാട്ടത്തിന്റെ അവസാന മിനിട്ടുകളില്‍ ശ്രീജേഷ് കാണിച്ച മാന്ത്രിക ശക്തിയുള്ള രക്ഷപ്പെടുത്തലുകള്ക്കു സ്വര്‍ണ മെഡലിന്റെ തിളക്കമുണ്ടായിരുന്നു. ഹര്‍മന്‍പ്രീത് സിങ് നേടിയ രണ്ടുഗോളുകളുടെ വിലമതിക്കാം അതിന്.
ഏറെക്കാലം നമ്മുടെ ഹോക്കിക്ക് അന്യമായിരുന്ന വിജയതൃഷ്ണ ഇന്നത്തെ ടീം നടപ്പാക്കുമ്പോള്‍ അതിന്റെ നായകത്വം വഹിക്കുന്ന അമരക്കാരനാണ് ശ്രീജേഷ്. കളിമികവു മാത്രമല്ല, കളിയെ വിജയപാതയിലേയ്ക്കു കൊണ്ടുപോകുന്ന മനക്കരുത്തും നേതൃപാടവവുമാണു ശ്രീയെ ശ്രീജേഷ് ആക്കുന്നത്. കളിയോടുള്ള ടീമിന്റെ സമീപനം തന്നെ മാറി. പേടിക്കാതെ കളിക്കാന്‍ പഠിച്ചു. തന്റെ മികവിലൂടെ കളിജയിപ്പിക്കുന്നതിനപ്പുറം കളിനിലവാരത്തെ പുതിയൊരു തലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. ശരീരംകൊണ്ടുമാത്രമല്ല മനസ്സുകൊണ്ടും തലച്ചോറുകൊണ്ടും കളിക്കുന്ന ശൈലിയാണ് ശ്രീക്ക്. അങ്ങനെയൊരാള്‍ പിന്നിലുള്ളപ്പോള്‍ ടീമിനു കിട്ടുന്ന ആത്മവിശ്വാസവും കരുത്തും ഊര്‍ജവും ചെറുതല്ല. ജയിച്ചേതീരൂ എന്നൊരു തോന്നല്‍ എല്ലാവരിലേയ്ക്കും പ്രസരിക്കും. ശ്രീയുടെ അസാന്നിദ്ധ്യത്തിലും അതു തുടരുക എന്നതാണ് ഈ കളിക്കാരനു വേണ്ടി വരും തലമുറയിലെ താരങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത്.
ഹോക്കി മെഡല്‍ നേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും, ഭാരക്കൂടുതലിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിനേഷ് ഫോഗട്ട് എന്ന ഗുസ്തി താരത്തിന്റെ നിര്‍ഭാഗ്യം വേദനയായി അവശേഷിക്കുന്നു. ജയാപജയങ്ങള്‍ പോലെതന്നെ കായികരംഗത്തിന്റെ ഭാഗമാണല്ലോ സംതൃപ്തിയും വേദനയും. വിനേഷിനും ഹോക്കി ടീമിനും ഒപ്പം ഭാരതവും ഇന്ന് അനുഭവിക്കുന്നതും അതുതന്നെയാണ്. വേറൊരുതരത്തില്‍ ചിന്തിച്ചാല്‍, വിനേഷ് ഫോഗട്ട് ഒരു ഓര്‍മപ്പെടുത്തലാണ്. രാജ്യാന്തര വേദികളില്‍ പാലിക്കേണ്ട ചിട്ടകളുടേയും അച്ചടക്കത്തിന്റേയും നിയമങ്ങളുടേയും ഓര്‍മപ്പെടുത്തല്‍. നഷ്ടം നമുക്കു വലതായിരിക്കാം. പക്ഷേ, കളിക്കളത്തില്‍ വികാരത്തിനല്ല കൃത്യതയ്്ക്കാണു സ്ഥാനം. അത് അംഗീകരിച്ചേ പറ്റൂ. ഒളിംപിക് ഫൈനല്‍ പോലുള്ളൊരു വേദിയില്‍ കളി നിയമത്തിന്റെ ചിട്ടയ്്ക്കുള്ളില് കൃത്യത പാലിക്കാനാവാതെ ഒരു തരത്തിനു പുറത്തുപോരേണ്ടിവരുക എന്നത് ഭാരതത്തേപ്പോലെ കായിക പാരമ്പര്യമുള്ളൊരു രാജ്യത്തിന് ഭൂഷണമല്ല. ടീം മാനേജ്മെന്റിന്റെ പിഴവുതന്നെയാണത്. ആ നിലയ്ക്ക് അതിനെ സമീപിക്കാനുള്ള പക്വതയും ഗൗരവബുദ്ധിയും നമ്മുടെ കായിക രംഗം കാണിക്കേണ്ടിയിരിക്കുന്നു. വികാരങ്ങള്‍ ആരാധകര്‍ക്കു വിടാം.
കണ്ണുനീര് ഏറെ വീണ മണ്ണാണ് ഒളിംപിക്സില്‍ അടക്കമുള്ള കളിക്കളങ്ങളിലേത്. ആനന്ദത്തിന്റേയും വേദനയുടേയും കണ്ണീര് അതിലുണ്ടാവും. 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഷൈനി വില്‍സണ്‍ നേരിടേണ്ടിവന്നതും ഇതുപോലൊരു വേദനയുടെ ഏടാണ്. അന്നും ഭാരതം ഏറെ വേദനിച്ചു. വനിതാ 800 മീറ്റര്‍ ഫൈനലില്‍ മറ്റുള്ളവരെ ബഹുദൂരം പിന്തള്ളി ഫിനിഷ് ചെയ്ത ഷൈനിയുടെ പ്രകടനത്തില്‍ ഭാരതം ആവേശത്തിന്റെ കൊടുമുടി കയറിയതായിരുന്നു. പക്ഷേ, പിന്നാലെ വന്ന വാര്‍ത്ത ഷൈനിയെ അയോഗ്യയാക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു. ആദ്യ റൗണ്ടിന്റെ അവസാനത്തില്‍ ഏതാനും മീറ്റര്‍ ട്രാക്ക് മാറി ഓടി എന്നതായിരുന്നു പിഴവ്. കാര്യം സത്യവുമായിരുന്നു. പക്ഷേ, വികാരത്തള്ളിച്ചയില്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ ഷൈനിയും ഭാരതവും അനുഭവിച്ച വേദന വിവരിക്കാനാവാത്തതായി. പക്ഷേ, പിഴവു പിഴവു തന്നെയാണ്. അത് അംഗീകരിച്ചല്ലേ പറ്റൂ. ആ സോള്‍ ദുരന്തം നാലുപിതിറ്റാണ്ടിനോടടുക്കുന്നു. ട്രാക്കിലേയും ഫീല്‍ഡിലേയും റിങ്ങിലേയുമൊക്കെ പോരാട്ടത്തിനുള്ള പരിശീലനത്തിനപ്പുറം ഓരോ മത്സരത്തിനും കുട്ടികളെ ഒരുക്കുന്നതിലും കൃത്യത പാലിക്കാന്‍ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് പാരീസ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: