തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. ബെവ്ക്കോ എംഡി യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. ടി.കെ.വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് ഇത്.
വിനോദ് കുമാര്‍ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികയിലേക്ക് ഉയര്‍ത്തേണ്ടതായിരുന്നു.എന്നാല്‍, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിതിന്‍ അഗര്‍വാള്‍ മടങ്ങുന്നതിനാല്‍ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.
മന്ത്രി കെബി. ഗണേഷ്കുമാറുമായി ഭിന്നതയിലായിരുന്ന ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി മാറ്റി നിയമിച്ചു. പുതിയ ഗതാഗത കമ്മീഷണറായി ഐജി എ. അക്ബറിനെ നിയമിച്ചു.
പൊലീസ് മേധാവി ഷെയ്ക് ദര്‍ബേഷ് സാഹിബിന് കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ചെയര്‍മാന്റെ അധിക ചുമതല കൂടി നല്കി. പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് സിഎംഡിയായിരുന്ന സിഎച്ച്. നാഗരാജുവിനെ ക്രൈംബ്രാഞ്ച്- 1 തിരുവനന്തപുരം മേഖലാ ഐജിയാക്കി. ഡിഐജി ജെ ജയന്താണ് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍.
കേരള സ്റ്റേറ്റ് ബിവറേജസ് കോര്പറേഷന് സിഎംഡിയായി ഐജി ഹര്‍ഷിത അട്ടല്ലൂരിയെ സംസ്ഥാന ഡപ്യൂട്ടേഷനില്‍ മാറ്റി നിയമിച്ചു.
തൃശൂര്‍ റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തോംസണ്‍ ജോസാണ് പുതിയ തൃശൂര്‍ റേഞ്ച് ഡിഐജി. നിലവില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയായ തോംസണ്‍ ജോസ് കണ്ണൂര്‍ റേഞ്ചിന്റെ അധിക ചുമതലയും വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: