ന്യൂഡല്‍ഹി: ഒളിമ്പിക് ഗുസ്തി മത്സരത്തില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ബാഡ്മിന്റണ്‍ താരവും ബിജെപി എംപിയുമായ സൈന നെഹ്വാള്. അയോഗ്യത നേരിട്ടത്തില്‍ വിനേഷ് ഫോഗട്ടിന് പങ്കുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സൈന പറഞ്ഞു. പരിചയസമ്പന്നയായ ഒരു അത്ലറ്റില് നിന്നും ഇത്തരമൊരു പിഴവ് സംഭവിക്കാന്‍ പാടില്ലാത്തത് ആണെന്നും അയോഗ്യത നേരിട്ടത് അത്ഭുതപ്പെടുത്തിയെന്നും സൈന പറഞ്ഞു.
‘‘കഴിഞ്ഞ മൂന്നു ദിവസമായി വിനേഷ് ഫോഗട്ടിനുവേണ്ടി ആർപ്പു വിളിക്കുന്നയാളാണ് ഞാൻ. എല്ലാ കായിക താരങ്ങളും ഈ നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. ഈ നിമിഷം വിനേഷ് അനുഭവിക്കുന്ന വേദനയും നിരാശയും എനിക്കു മനസ്സിലാകും. ഒരു കായിക താരമെന്ന നിലയിൽ ആ വികാരം പറഞ്ഞുമനസിലാക്കാൻ വാക്കുകളില്ല. ഒരുപക്ഷേ ശരീരഭാരം പെട്ടെന്ന് കൂടിയിട്ടുണ്ടാകാം. വിനേഷ് ഫോഗട്ട് ഒരു പോരാളിയാണ്. എക്കാലവും മഹത്തരമായ രീതിയിൽ അവർ നടത്തിയിട്ടുള്ള തിരിച്ചുവരവുകൾ നമുക്കറിയാം. അടുത്ത തവണ ഇന്ത്യയ്ക്കായി ഒരു മെഡൽ ഉറപ്പാക്കാൻ വിനേഷിന് ഉറപ്പായും സാധിക്കും.
‘വിനേഷ് പരിചയസമ്പന്നയായ ഒരു അത്ലറ്റാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ അവള്‍ക്കറിയാം. നൂറുശതമാനവും കഠിനാധ്വാനം ചെയ്യുന്ന താരം കൂടിയാണവള്‍. സാധാരണയായി ഈയൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പിഴവ് ഒരു കായികതാരത്തിനും സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണ്. എന്നാല്‍ പിന്നെ എങ്ങനെ ഇത് സംഭവിച്ചുവെന്നത് സംശയത്തിന് ഇടനല്കുന്നുണ്ട്. കാരണം അവള്‍ക്കൊപ്പം സഹായത്തിന് ഒരു നല്ല ടീം തന്നെയുണ്ട്. പരിശീലകരും ഫിസിയോകളും കൂടെയുണ്ട്. ഈയൊരു അയോഗ്യത അവരെയും മോശമായി ബാധിക്കും,’ സൈന പറഞ്ഞു.
അതേസമയം, ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, സ്വപ്നങ്ങളെല്ലാം തകര്‍ന്നു, എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിനേഷ് സമര്‍പ്പിച്ച അപ്പീലില്‍ വിധി വരാനിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിധി അനുകൂലമാണെങ്കില്‍ വിനേഷിന് വെള്ളി മെഡല്‍ ലഭിക്കും.
അമ്മേ, ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ പൊരുതാനുള്ള ശക്തി എനിക്കില്ല, എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: