പുരാതനമായ താളിയോല ഗ്രന്ഥങ്ങളുടെ രൂപത്തില്‍ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ശ്രദ്ധേയമാകുന്നു. അച്ചടിയുടെ വരവോടെ അന്യംനിന്നുപോയ, സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള നമ്മുടെ പാരമ്പര്യത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്കരിച്ചിരിക്കുന്നു.
കേരള യൂണിവേഴ്സിറ്റിയിലെ ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ് ലൈബ്രറിയില്‍ സംരക്ഷിക്കപ്പെട്ടുവരുന്നതും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ താളിയോലയില്‍ വരച്ച ചിത്രരാമായണത്തിന്റെ ശൈലിയില്‍ ചുവര്‍ചിത്രകാരന്‍ ബിനില്‍ രചിച്ച ചിത്രങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്.
ഓരോ കാണ്ഡത്തിലെയും ആദ്യാതാളിന്റെ ഇരുപുറവുമായി പ്രധാന സന്ദര്‍ഭങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. പഴയ താഴിയോല ഗ്രന്ഥങ്ങളുടെ രചനാസമ്പ്രദായത്തെ അനുകരിച്ച് വരിതിരിക്കാതെ തുടര്‍ച്ചയായി എഴുതുന്നപോലെയാണ് ഇതിലെ അക്ഷരവിന്യാസം. പേജ് നമ്പറുകള്‍ പൂര്‍ണമായും മലയാള അക്കങ്ങളില്‍ നല്കിയിരിക്കുന്നു.
ഒട്ടേറെ പുതുമകളുള്ള ഈ ഗ്രന്ഥത്തിന്റെ പാരായണവും വളരെ ശ്രദ്ധയോടെ വേണ്ട കാര്യമത്രെ. കെട്ടഴിച്ച് ശുദ്ധിയുള്ള ഒരു പ്രതലത്തില്‍ വെച്ച ശേഷമാണ് ഇത് തുറക്കേണ്ടത്. തുറക്കുമ്പോള്‍ കയര്‍ താളുകള്‍ക്കിടയില്‍ കുടുങ്ങാന്‍ പാടില്ല.
2016ല്‍ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന് ആദ്യകോപ്പി നല്കി പത്മഭൂഷണ്‍ എം.ടി. വാസുദേവന്‍ നായരാണ് ഇതിന്റെ പ്രകാശനം നിര്വഹിചത്. ഏറ്റവും മികച്ച അച്ചടിക്കുള്ള 2016ലെ ദേശീയ പുരസ്കാരം, 2017ല്‍ ബുക്ക് ഓഫ് ദ് ഇയര്‍ പുരസ്കാരം, താളിയോല ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ച ലോകത്തെ ആദ്യ ഇതിഹാസ കാവ്യമെന്ന പരിഗണനയില്‍ യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം ദേശീയ റിക്കാര്‍ഡും പിന്നീട് ലോകറിക്കാര്‍ഡും നല്കി ആദരിച്ചു. 2018ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാംലീഫ് ഇന്നവേഷന്‍സാണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: