ന്യൂദല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ട് കേന്ദ്ര സർക്കാർ. ബില്ലിൽ സൂക്ഷ്മ പരിശോധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ ബില്ല് ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും നീതി ലഭിക്കാത്തവർക്ക് നീതി ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ബില്ലിലൂടെ ശ്രമിക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
വഖഫ് ബോര്‍ഡില്‍ വിവിധ മതസ്ഥര്‍ അംഗങ്ങളാവണമെന്നല്ല ബില്ലില്‍ പറയുന്നത്. ഒരു എം.പിയും ബോര്‍ഡില്‍ അംഗമാവണമെന്നാണ് നിര്‍ദേശം. ഒരു എം.പി. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാല്‍ എന്തുചെയ്യാന്‍ കഴിയും? എം.പിയായതുകൊണ്ട് വഖഫ് ബോര്‍ഡില്‍ അംഗമാക്കപ്പെട്ട അദ്ദേഹത്തിന്റെ മതം മാറ്റാന്‍ കഴിയുമോയെന്നും റിജുജു ചോദിച്ചു.
1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ഡവലപ്മെന്റ് നിയമം 1995 എന്നാക്കി പേര് മാറ്റിയാണ് തയാറാക്കിയത്. ബില്ലിന്റെ പകര്‍പ്പുകള്‍ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. നീതിയിക്കും അവകാശങ്ങൾക്കുമായി പോരാടുന്നത് തങ്ങൾ തുടരും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടല്ല വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതിയുണ്ടാകുന്നത്. നിരവധി തവണ ഭേദഗതിയ്ക്ക് വിധേയമാക്കണം എന്നും കിരൺ റിജ്ജിജു വ്യക്തമാക്കി.
പ്രതിപക്ഷം മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിവരെ വിവിധ മുസ്ലിം പ്രതിനിധിസംഘം തന്നെവന്നുകണ്ടു. വഖഫ് ബോര്‍ഡുകള്‍ മാഫിയകള്‍ കീഴടക്കിയെന്ന് പല എം.പിമാരും തന്നോട് പറഞ്ഞു. ബില്ലിനെ വ്യക്തിപരമായി അനുകൂലിക്കുന്നെങ്കിലും പാര്‍ട്ടിയുടെ നിലപാട് അല്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കുന്നില്ലെന്ന് പല എം.പിമാരും പറഞ്ഞു. പല തട്ടുകളില്‍ രാജ്യവ്യാപകമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കണം. നിങ്ങൾ ഒരിക്കലും രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി ചെയ്യാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നത്. അതിനാൽ പിന്തുണയ്ക്കണം. എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. ബില്ലിനെ പിന്തുണച്ചാൽ കോടിക്കണക്കിന് ആളുകളുടെ പുണ്യം നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു സ്വത്തും വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് സ്വന്തമാക്കുന്ന നിലവിലെ നിയമ വ്യവസ്ഥയായ 40-ാം വകുപ്പ് പുതിയ ബില്ലില്‍ റദ്ദാക്കിയിട്ടുണ്ട്. വനിതകളെയും ജനപ്രതിനിധികളെയും വഖഫ് ബോര്‍ഡുകളിലും വഖഫ് കൗണ്‍സിലിലും ഉള്‍പ്പെടുത്തും. വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് കര്‍ശന പരിശോധന നടത്തും.
റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു മാത്രമേ ഭൂമി വഖഫ് സ്വത്താക്കി മാറ്റൂ. നിലവിലെ സുന്നി വഖഫ്, ഷിയ വഖഫ് ബോര്‍ഡുകള്‍ക്ക് പുറമേ ആഗാഘാനി വഖഫ്, ബോറ വഖഫ് എന്നിവയും നിലവില്‍ വരും. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വരും. വഖഫ് ഭൂമിയുടെ വിവരങ്ങള്‍ക്കായി ഡേറ്റാബേസ് തയാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: