കളിക്കളത്തിലെ ഏറ്റവും വലിയ സൗന്ദര്യം എന്താണ് എന്ന് ഒരു കായിക താരത്തിനോട് ചോദിച്ചാല്‍ ചിലരെങ്കിലും പറയുന്നുണ്ടാകുക എതിരാളിയെ മലര്‍ത്തി അടിച്ചു നേട്ടമുണ്ടാക്കിയ ആ മെഡലുകളുടെ കഥകള്‍ ആകില്ല,വീറും വാശിയും ആവോളം കാഴ്ചവെച്ച് വേദിയിലെ കരുത്തുറ്റ പോരാട്ടത്തിന് ശേഷം കീഴടങ്ങിയ അതെ എതിരാളികളുടെ സൗഹൃദത്തെ പറ്റിയാകും. തന്നോടൊപ്പമോ തന്നേക്കാള്‍ ഏറെയോ കഴിവുകള്‍ ഉണ്ടായിട്ടും ഒരു ചെറിയ പിഴവ് കൊണ്ട്,അല്ലെങ്കില്‍ നിര്‍ഭാഗ്യത്തിന്റെ ആ ഒരു കണിക കൊണ്ട് കപ്പിനും ചുണ്ടിനും ഇടയില്‍ മെഡല്‍ നഷ്ടപ്പെട്ടവര്‍,ബദ്ധവൈരികളെ പോലെ കളിക്കളത്തില്‍ പോരാടിയ അവര്‍ക്ക് എങ്ങനെ അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ തമ്മില്‍ കണ്ട് സൗഹൃദം പങ്ക് വെയ്ക്കാന്‍ കഴിയുന്നു? ഇതാണ് കായികമത്സരങ്ങളുടെ സൗന്ദര്യം.
ഇത്തവണ പാരിസ് ഒളിംപിക്സും ഇത്തരം ഒരു സൗഹൃദനിമിഷത്തിന് വേദിയായി. വാശിയേറിയ വനിതാ ബാഡ്മിന്റന്‍ സെമി ഫൈനല്‍ നടക്കുന്നു, ഒരു വശത്ത് ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോല്‍പ്പിച്ചു എത്തിയ ചൈനയുടെ ഹെ ബിങ് ജിയോയും മറുവശത്ത് മുന്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മാരിനും. മുന്‍ ലോക ചാമ്പ്യന്‍ മുന്നില്‍ കാലിടറി ആദ്യ സെറ്റ് 14-21 ന് കൈ വിട്ട ജിയോയ്ക്ക് രണ്ടാമത്തെ സെറ്റിലും രക്ഷയുണ്ടായില്ല, 6-10ന് തോല്‍വിയിലേക്ക് പോയികൊണ്ടിരുന്ന ജിയോയ്ക്ക് മാരിന്റെ കാല് മുട്ടിലെ പരിക്ക് പക്ഷെ തുണയായെത്തി.വേദന കൊണ്ട് പുളഞ്ഞ സ്പാനിഷ് താരം കളി തുടരാന്‍ സാധിക്കുക ഇല്ലെന്ന് അറിയിക്കുകയും ,അങ്ങനെ ജിയോയെ വിജയിയായി പ്രഖ്യാപിക്കുകയും ആയിരുന്നു.ടോകിയോ ഒളിമ്പിക്സിലെ അതെ നിര്‍ഭാഗ്യം ഒരിക്കല്‍ കൂടി സ്പാനിഷ് താരത്തെ പിന്തുടര്ന്നു.
ഭാഗ്യത്തിന്റെ ടിക്കറ്റില്‍ ഫൈനലില്‍ എത്തിയ ജിയോയ്ക്ക് അവിടെയും അത്ഭുതങ്ങള്‍ ഒന്നും കാഴ്ച വെക്കാന്‍ ഉണ്ടായിരുന്നില്ല, ദക്ഷിണ കൊറിയയുടെ ആന്‍സി യാങിനോട് തോറ്റ് വെള്ളിമെഡല്‍ സ്വീകരിക്കാന്‍ പോഡിയത്തില്‍ ഏറിയ ജിയോ പക്ഷെ തന്റെ ഒപ്പം ഒരു ചെറിയ സ്പാനിഷ് പതാക കൂടി കരുതിയിരുന്നു, ഫൈനലിലേക്ക് തനിക്ക് വഴി ഒരുക്കിയ മറിന് ആദരമായി,മറിന്റെ രാജ്യത്തിന് ആദരമായി..കേളി മികവ് കൊണ്ടും ആത്മവിശ്വാസം കൊണ്ടും തന്നെക്കാള്‍ എത്രയോ ഉയരത്തില്‍ നിന്നിരുന്ന ആ എതിരാളി, തന്നെക്കാള്‍ ഏറെ ഇത്തവണ മെഡല്‍ അര്‍ഹിച്ചിരുന്നത് അവള് തന്നെ ആയിരുന്നു എന്ന് അംഗീകരിക്കുക കൂടി ആയിരുന്നു ജിയോ അവിടെ.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്ണമെഡല്നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്രക്കും ഉണ്ട് ഇത്തരം ഒരു സൗഹൃദത്തിന്റെ കഥ പറയാന്‍. മെഡല്‍ ദാന ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ ദേശീയ പതാകയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊണ്ടിരുന്ന നീരജ് ചെറിയ മാര്‍ജിനില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാകിസ്താന്റെ അര്‍ഷാദ് നദീംമിനെ കൂടി തന്റെ ഒപ്പം ക്ഷണിച്ചാണ് ഇരു രാജ്യങ്ങളിലെയും കായിക താരങ്ങള്‍ക്ക് മാതൃക ആയത്. അവിടം കൊണ്ടും തീര്‍ന്നില്ല, ഏഷ്യയിലെ തന്നെ മികച്ച ഒരു കായിക താരമായ നദീംമിന് പരിശീലനത്തിനായി അന്താരാഷ്ട്ര നിലവാരം ഉള്ള ജാവലിന്‍ പാകിസ്ഥാന് ഉറപ്പാക്കണം എന്ന ആവശ്യത്തിനായി ശബ്ദമുയര്‍ത്തിയ ആദ്യ കായികതാരങ്ങളില്‍ ഒരാളുമാണ് നീരജ്.
ഇതിന് നന്ദി ആകണം ഇങ്ങ് പാരീസില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോളും യാതൊരു നീരസങ്ങളുംഇല്ലാതെ തന്റെ ‘നീരജ് ഭായി’ക്കായി ആശംസകള്‍ നേരാന്‍ നദീമിനെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: