ഭോപ്പാൽ : ബുർഹാൻപൂർ കോട്ടയ്ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ തീരുമാനം മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഷാ ഷൂജയുടെ ശവകുടീരം, നാദിർഷായുടെ ശവകുടീരം, ബിബി സാഹിബിന്റെ മസ്ജിദ്, ബുർഹാൻപൂർ കോട്ടയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരം എന്നിവ വഖഫ് സ്വത്താണെന്ന് വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി നാളെ ഇന്ത്യ മുഴുവൻ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് അവകാശവാദമുന്നയിക്കുമോയെന്നും ചോദിച്ചു.
2013-ലാണ് വഖഫ് ബോർഡ് ബുർഹാൻപൂർ കോട്ടയ്ക്ക് അവകാശം ഉന്നയിച്ചത് . ഒപ്പം കോട്ട ഒഴിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ എഎസ്ഐ ഹൈക്കോടതിയിൽ ഹർജി നൽകി. ബുർഹാൻപൂരിലെ അമാഗിർദ് ഗ്രാമത്തിൽ ഏകദേശം 4.448 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കോട്ട 1904 ലെ പുരാതന സ്മാരക സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കുകയാണെന്നും എ എസ് ഐ വ്യക്തമാക്കി.
സംരക്ഷിത സ്മാരകങ്ങൾ എന്ന പദവി നീക്കം ചെയ്യാതെ ഈ സ്വത്തുക്കളെ വഖഫ് സ്വത്തുക്കളായി പുനഃക്രമീകരിക്കാനാവില്ലെന്ന് എഎസ്ഐ പറഞ്ഞു. എന്നാക് ഈ സ്വത്തുക്കൾ ഉചിതമായ ചട്ടത്തിന് കീഴിലാണ് വഖഫ് സ്വത്തായി പ്രഖ്യാപിച്ചതെന്ന് വഖഫ് ബോർഡ് വാദിച്ചു.
എന്നാൽ 1913ലും 1925ലും പുരാതന സ്മാരക സംരക്ഷണ നിയമം, 1904 പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് ജൂലൈ 26 ലെ വിലയിരുത്തലിൽ ജസ്റ്റിസ് ജി എസ് അലുവാലിയയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് ഉടമസ്ഥാവകാശം ആവശ്യപ്പെട്ടത്. എന്നാൽ, മുഴുവൻ വിജ്ഞാപനവും കോടതിയിൽ സമർപ്പിക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടു.
പുരാതന സംരക്ഷിത സ്മാരകങ്ങളുടെ ഉടമസ്ഥാവകാശവും പരിപാലനവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് കോടതി പറഞ്ഞു. ഒരു വസ്തുവിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, 1995 ലെ വഖഫ് നിയമത്തിന്റെ തീയതിയിൽ അതിനെ വഖഫ് സ്വത്ത് എന്ന് വിളിക്കാൻ കഴിയില്ല. വഖഫ് സ്വത്തായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലും പുരാതന സ്മാരക സംരക്ഷണ നിയമം 1904 പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം അസാധുവാകില്ലെന്നും കോടതി പറഞ്ഞു.
എന്തുകൊണ്ടാണ് താജ്മഹലിനെ വഖഫ് സ്വത്തായി കണക്കാക്കാത്തതെന്നും ജസ്റ്റിസ് ജി എസ് അലുവാലിയ ചോദിച്ചു.ഈ രീതിയിൽ പോയാൽ ഇന്ത്യ മുഴുവൻ വഖഫ് സ്വത്താണെന്ന് നാളെ പറയാം. നിങ്ങൾ അറിയിപ്പ് പുറപ്പെടുവിക്കുകയും സ്വത്ത് നിങ്ങളുടേതായിത്തീരുകയും ചെയ്യുന്ന രീതി തുടരാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: