വയനാട്ടിലെ മഹാദുരന്തത്തിന്റെ അലകളൊതുങ്ങും മുമ്പ് തലസ്ഥാനത്തെ അധികാരത്തിന്റെ അരമനയില്‍നിന്ന് ഒരു ഉരുള്പൊട്ടിയിറങ്ങിയത് സാംസ്കാരിക-ബൗദ്ധിക കേരളത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഈ ദുരന്തനിവാരണ ദുരന്തത്തെ ലളിതമായി കാണാനാവില്ല. ജനാധിപത്യ വിരുദ്ധവും ഏകാധിപത്യമുഖഛായയുള്ളതുമാണ് ദുരന്തനിവാരണ വകുപ്പധ്യക്ഷന്റെ വിവാദ ഉത്തരവ്.
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ചും അവിടത്തെ പ്രകൃതിയെക്കുറിച്ചും മിണ്ടിപ്പോകരുത് എന്ന നിരോധനാജ്ഞ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്ക്കുമെതിരെയാണ് പുറപ്പെടുവിക്കപ്പെട്ടത്. ഇത്തരം കാര്യങ്ങളില്‍ സംസാരിക്കാന്‍ ദുരന്തനിവാരണ വകുപ്പുണ്ടല്ലോ! ഇതേക്കുറിച്ചൊക്കെ സര്ക്കാരിനോടാലോചിച്ച് മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഒരക്ഷരം മിണ്ടിപ്പോകരുതത്രേ!
താന്‍ ചെയേണ്ട ജോലി താന്‍ ചെയ്യാതിരുന്നാല്‍ അത് മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിനില്‍ക്കേണ്ടിവരും. ദുരന്തങ്ങളെ അവസരങ്ങളാക്കി മാറ്റുന്ന അതിസാമര്‍ത്ഥ്യം അധികാരത്തിന്റെ അന്തഃപുരങ്ങളില്‍ മുമ്പും അരങ്ങേറിയിട്ടുണ്ട്. വിമര്‍ശനങ്ങളും വിശകലനങ്ങളും താക്കീതുകളും അടിച്ചമര്‍ത്താനുള്ള അധികാരത്തിന്റെ സാമര്‍ത്ഥ്യം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഇത്രത്തോളം വേദനാനിര്‍ഭരമായ ഒരു വേളയില്‍ ആശ്വാസമായും ആത്മവിമര്‍ശനപരമായും ഉച്ചരിക്കപ്പെടേണ്ട വാക്കുകള്‍ ഇപ്രകാരം അനൗചിത്യത്തോടെ ആസുരഭാവം കൈക്കൊള്ളുന്നത് പ്രതിഷേധാര്‍ഹമാണ്.
മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് താക്കീതുകള്‍ നല്കിയപ്പോഴും, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ ഉരുക്കഴിക്കുമ്പോഴും അധികാരം അസ്വസ്ഥപ്പെടുന്നു. മാധ്യമങ്ങളുടെ ഔചിത്യപൂര്വ്വകവും സുതാര്യവുമായ ഇടപെടലുകളിലൂടെ വയനാട് ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ലോകം കണ്ടു. മാധ്യമങ്ങളോടും ശാസ്ത്രജ്ഞരോടും സര്‍ക്കാരിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ മിണ്ടിപ്പോവരുതെന്നും പറയുന്നതില്‍ ഒരു ഹിഡന്‍ അജണ്ട മണക്കുന്നുണ്ട്!
സാമാന്യ മനുഷ്യര്‍ക്കു പോലും ജന്മസിദ്ധമായ കോമണ്‍ സെന്‍സ് ഇത്തരം ഐഎഎസ് വിദഗ്ധന്മാരില് എന്നാണ് ഉദിക്കുക? ദുരന്ത നിവാരണ വകുപ്പുതന്നെ ദുരന്തമായി മാറുമ്പോള്‍, വേലി വിളവു തിന്നാന്‍ തുടങ്ങുമ്പോള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിനിമയങ്ങളും സുതാര്യമാകാതിരിക്കുമ്പോള് മലയാളിയുടെ മറ്റൊരു മുഖംകൂടി അനാവൃതമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: