ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ ഇപ്പോഴത്തെ നിലയ്ക്ക് പ്രവചനാതീതമാണ്. ഇസ്ലാമിക മതമൗലികവാദികള്‍ കുറെക്കാലമായി തുടരുന്ന അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഭാരതത്തിലേക്ക് ഓടിപ്പോരേണ്ടിവന്നിരിക്കുകയാണ്. അവരുടെ സഹായാഭ്യര്‍ത്ഥന ഭാരതം സ്വീകരിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക വിമാനത്തില്‍ ദല്‍ഹി അതിര്‍ത്തിക്കപ്പുറത്ത് ഉത്തര്‍പ്രദേശിലെ വ്യോമതാവളത്തിലെത്തിയ ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാണുകയുമുണ്ടായി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ ഇതിന് വ്യവസ്ഥയില്ലെന്ന് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ വ്യക്തമാക്കിയതായും വാര്‍ത്തകളുണ്ട്. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടുകയാണ് വേണ്ടതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞതായും വിവരമുണ്ട്. സര്‍ക്കാരിനെതിരായ അക്രമങ്ങള്‍ വ്യാപകമായിട്ടും രാജിവയ്ക്കുകയോ രാജ്യം വിടുകയോ ചെയ്യാതിരുന്ന ഹസീനയെ അതിനു പ്രേരിപ്പിച്ചത് താനാണെന്ന് മകന് വെളി പ്പെടുത്തിയിരിക്കുന്നു. ഇതേത്തുടര്‍ന്നാണത്രേ പ്രത്യേക വിമാനത്തില്‍ സഹോദരിയുമൊത്ത് ഹസീന ഭാരതത്തിലെത്തിയത്. ഇക്കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്ന് പറയാന്‍ കഴിയില്ല. ഏതു രാജ്യത്തേക്കാണ് ഹസീന പോവുക, ഭാരതത്തില്‍ത്തന്നെ അഭയം തേടുമോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ വ്യക്തതയൊന്നുമില്ല. ഇക്കാര്യത്തില്‍ കരുതലോടെയുള്ള തീരുമാനമായിരിക്കും ഭാരതം കൈക്കൊള്ളുക.
ബംഗ്ലാദേശിന്റെ പിറവിയിലേക്കു നയിച്ച 1971 ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭമാണ് ഓരോ ദിവസം പി
ന്നിടുന്തോറും കൂടുതല്‍ കൂടുതല്‍ അക്രമാസക്തമായത്. ഈ സംവരണ വ്യവസ്ഥ ഭരണകക്ഷിയായ അവാമി ലീഗിനോട് പക്ഷപാതം കാണിക്കുന്നതാണെന്നും, ഇതിനുപകരം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. പ്രക്ഷോഭത്തെ ഹസീനയുടെ സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്വാതന്ത്ര്യസമര സേനാനികളുടെ ചെറുമക്കള്ക്കല്ലെങ്കില് മറ്റാര്‍ക്കാണ് സംവരണം നല്‍കേണ്ടത്, റസാര്ക്കര്മാരുടെ ചെറുമക്കള്ക്കോയെന്ന് ഹസീന ചോദിച്ചത് മതമൗലികവാദികളായ അക്രമകാരികളെ പ്രകോപിപ്പിച്ചു. 1971 ലെ വിമോചനയുദ്ധത്തെ നേരിടാന്‍ പാക്കിസ്ഥാന് രൂപംകൊടുത്ത ചോറ്റു പട്ടാളമാണ് റസാര്‍ക്കര്‍മാര്‍. കൂട്ടക്കൊലകളും ബലാല്സംഗങ്ങളുമടക്കം വന്‍തോതിലുള്ള അതിക്രമങ്ങളാണ് റസാര്‍ക്കര്‍മാര്‍ നടത്തിയത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഹസീനയുടെ പ്രസ്താവനയെ പാക്കിസ്ഥാനും ചാരസംഘടനയായ ഐഎസ്ഐയും ഉപയോഗപ്പെടുത്തിയെന്നുവേണം കരുതാന്‍. തങ്ങളില്‍നിന്ന് വെട്ടിമുറിക്കപ്പെട്ട ബംഗ്ലാദേശിനെ ശത്രുരാജ്യത്തെപ്പോലെയാണ് പാക്കിസ്ഥാന് ഭരണകൂടം കാണുന്നത്. അവിടുത്തെ മതമൗലികവാദികളെ സര്‍ക്കാരിനെതിരെ രംഗത്തിറക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കുണ്ട്.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ അക്രമങ്ങളെ ജനകീയ പ്രക്ഷോഭമായി കാണുന്നത് തെറ്റായ വിലയിരുത്തലാണ്. സംവരണ പ്രശ്നം ഒരു മറയാണ്. കാരണം ഈ പ്രശ്നം വര്‍ഷങ്ങളായി തുടരുന്നതാണ്. 2018 ലെ പ്രക്ഷോഭത്തെത്തുടര്‍ന്ന് സംവരണ വ്യവസ്ഥയില്‍ ഇളവു കൊണ്ടുവരികയും, ചില പദവികളിലെ സംവരണം റദ്ദാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാര്ക്ക് സംവരണം നല്കുന്ന വ്യവസ്ഥ റദ്ദാക്കിയ 2018 ലെ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി നിരാകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതിയും റദ്ദാക്കി. 93 ശതമാനം സര്‍ക്കാര്‍ ജോലികളിലും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടതെന്നും, അവശേഷിക്കുന്ന പദവികളില്‍ മാത്രമേ സ്വാതന്ത്ര്യസമരസേനാനികളുടെ ചെറുമക്കളെ സംവരണാടിസ്ഥാനത്തില്‍ നിയമിക്കാവൂയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സംവരണ പ്രക്ഷോഭം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കാതിരുന്നതിനുപിന്നില് പലവിധത്തിലുമുള്ള വൈദേശിക ഇടപെടലുകളുമുണ്ടെന്ന് വ്യക്തം. പാക്കിസ്ഥാന് മാത്രമല്ല, അമേരിക്കയുടെപോലും കൈകള്‍ ഇതിനു പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ‘യുഎസ് എയ്ഡ്’ എന്ന സംഘടനയുടെ പങ്ക് ചര്‍ച്ചാവിഷയമാണ്. ഭാരതത്തോട് ഒരു പരിധിവരെ സൗഹൃദം പുലര്‍ത്തുന്ന ഒരു ഇസ്ലാമിക അയല്‍രാജ്യമാണ് ബംഗ്ലാദേശ്. ഇത് ഇഷ്ടപ്പെടാത്തവരുണ്ട്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഷേഖ് ഹസീനയും തമ്മിലുള്ള സഹകരണവും പലര്‍ക്കും ദഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഭാരതം എല്ലാ നിലയ്ക്കും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: