തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ കൈയുറ ശരീരത്തില്‍ തുന്നിചേര്‍ത്തെന്ന് പരാതി. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നെടുമങ്ങാട് സ്വദേശിയായ ഷിനുവാണ് പരാതിയുമായി രംഗത്തെത്തിയത്. മുതുകില്‍ ചെറിയ മുഴപോലെ രൂപപ്പെട്ടതിന് ശനിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ സജിന കെട്ടഴിച്ചു നോക്കി. അപ്പോഴാണ് മുറിവില്‍ കൈയുറപോലൊരു വസ്തു തുന്നിച്ചേര്‍ന്ന് കിടക്കുന്നതു കണ്ടതെന്നും സജിന പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് പോയെങ്കിലും ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്നലെ ജനറല്‍ ആശുപത്രിയിലെത്തി ഗ്ലൗസിന്റെ ഭാഗം മാറ്റി.
മുഴ നീക്കം ചെയ്തതിനുശേഷം ഉള്ളിലെ പഴുപ്പ് പോകുന്നതിനു വേണ്ടി ഗ്ലൗ ഡ്രയിന്‍ ഉപയോഗിച്ചതാണ് തെറ്റിദ്ധാരണാജനകമായതെന്ന് കോരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) പറഞ്ഞു. അതേസമയം ഇങ്ങനെ ഒരു കാര്യം അറിയിച്ചിരുന്നില്ലെന്നും നെടുമങ്ങാട് ആശുപത്രിയില്‍ എത്തിയപ്പോഴും അവിടത്തെ ഡോക്ടര്‍മാരും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും സജിന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: