എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള പോരാട്ടം മമ്മൂട്ടിയും കന്നഡ സൂപ്പര്‍ താരം ഋഷഭ് ഷെട്ടിയും തമ്മില്‍. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകള്‍ക്കാണ് മമ്മൂട്ടിയുടെ പേര് പരിഗണനയില്‍. ‘കാന്താര’യിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മമ്മൂട്ടിയും ഋഷഭ് ഷെട്ടിയുമാണ് മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും വളരെ വ്യത്യസ്തനായ യുകെ പൗരന് ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി റോഷാക്കില്‍ വേഷമിട്ടത്.
ഉള്ളില്‍ എരിയുന്ന പകയുമായി മരിച്ചു പോയ വ്യക്തിയുമായി നിഴല്‍ യുദ്ധം ചെയ്യുന്ന ഈ കഥാപാത്രം അവതരിപ്പിച്ച സിനിമ മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങളില്‍ ഒന്നാണ്. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ജെയിംസ്, സുന്ദരം തുടങ്ങിയ കഥാപാത്രങ്ങളായി മമ്മൂട്ടി ഭാവപ്പകര്‍ച്ച നടത്തിയ സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. വേളാങ്കണ്ണി തീര്‍ത്ഥയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്ന മലയാളിയായ ജെയിംസ്, തമിഴ്നാട്ടിലെ ഗ്രാമത്തിലേക്ക് കയറിച്ചെന്ന് അവിടെയുള്ള സുന്ദരം എന്ന കുടുംബനാഥനായി മാറുന്നതാണ് സിനിമയുടെ പ്രമേയം.
ഋഷഭ് ഷെട്ടിയുടെ കാന്താര പഞ്ചുരുളി എന്ന കുലദൈവത്തെ ആരാധിക്കുന്ന ഗ്രാമവാസികളുടെ കഥയാണ് പറഞ്ഞത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. ‘കെജിഎഫ്’ എന്ന സിനിമയ്ക്ക് ശേഷം കന്നഡയില്‍ നിന്നും എത്തിയ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് കാന്താര. സിനിമയുടെ രണ്ടാം ഭാഗം നിലവില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: