ധാക്ക: ബംഗ്ലാദേശിൽ സൈന്യം ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ക്രിക്കറ്റ് ടീം മുന്‍ നായകന് മുഷ്റഫെ മൊര്‍താസയുടെ വീടിന് തീവച്ച് കലാപകാരികൾ. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ. മൊര്‍താസയുടെ നരെയ്ലിലെ വീടാണ് ആക്രമണത്തിനിരയായത്.
ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മൊര്‍താസ. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ചിരുന്നു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് മൊര്‍താസയുടെ വീടിന് നേരെയും ആക്രമണമുണ്ടായത്.
പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീടിന് തീയിടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ പാർലമെൻ്റ് പിരിച്ചുവിട്ടതായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചു. 2024 ജനുവരിയിൽ തെരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി മുഹമ്മദ് ഷഹാബുദ്ദീൻ അറിയിക്കുകയായിരുന്നു. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: