ന്യൂദല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല ഭാരതം ഏറ്റെടുത്ത നിമിഷങ്ങളാണ് ഇന്നലെ കടന്നുപോയത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിടാന്‍ തീരുമാനിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് സുരക്ഷിതപാതയൊരുക്കാനുള്ള അതിവേഗ നിര്‍ദേശമാണ് അതിര്‍ത്തിയിലെ സൈനിക വിഭാഗങ്ങള്‍ക്കും വ്യോമസേനയ്ക്കും കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.
ബംഗ്ലാദേശ് വ്യോമസേനയുടെ സി 130 ജെ സൂപ്പര്‍ഹെര്‍ക്കുലീസ് വിമാനം ധാക്കയില്‍ നിന്നും ഭാരതത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കും വരെ വ്യോമസേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. സ്ഥിതിഗതികള്‍ പലവട്ടം കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചുകൊണ്ടിരുന്നു.
വ്യോമസേനയുടെ കീഴിലുള്ള ദല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലേക്ക് തിരിക്കാനും ഇവിടെ സുരക്ഷിതമായി ഇറങ്ങാനുമുള്ള നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശ് ഭരണകൂടത്തിന് നല്‍കിയത്. ദല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പോകാനാണ് ഷെയ്ഖ് ഹസീനയുടെ പദ്ധതി. ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് അടുത്തിടെ ബംഗ്ലാദേശിന് ലഭിച്ച സി 130 ജെ സൂപ്പര്‍ഹെര്‍ക്കുലീസ് വിമാനത്തില്‍ തന്നെ ലണ്ടനിലേക്ക് രാഷ്ട്രീയ അഭയം തേടി എത്താനാണ് ഹസീനയുടെ തീരുമാനം.
ബംഗ്ലാദേശിനോട് ചേര്‍ന്ന ഭാരതത്തിന്റെ 4,096 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ബിഎസ്എഫിന് നല്‍കിയിരിക്കുന്നത്. ബിഎസ്എഫിന്റെ താല്‍ക്കാലിക ചുമതലയേറ്റ ഡി.ജി. ദല്‍ജീത് സിങ് ചൗധരി കൊല്‍ക്കത്തയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: