പാരീസ്: ഒളിംപിക്സില്‍ ഒരു മെഡലെന്ന ഭാരത താരം ലക്ഷ്യ സെന്നിന്റെ സ്വപ്നം വിഫലമായി. പുരുഷ സിംഗിള്‍സില്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി. ആദ്യ ഗെയിം അനായാസം നേടിയ ശേഷമായിരുന്നു ലക്ഷ്യയുടെ പരാജയം.
സ്കോര്‍: 21-13, 16-21, 11-21. ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഭാരത പുരുഷ താരമെന്ന ബഹുമതി ലക്ഷ്യക്ക് സ്വന്തമാകുമായിരുന്നു. എങ്കിലും മികച്ച പ്രകടനമാണ് അരങ്ങേറ്റ ഒളിംപിക്സില്‍ ലക്ഷ്യ നടത്തിയത്.
മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ലക്ഷ്യ എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. തുടക്കം മുതല്‍ ലീഡ് നേടിയ ലക്ഷ്യ 13 പോയിന്റ് മാത്രം വിട്ടുകൊടുത്ത് 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും തുടക്കത്തില്‍ ലക്ഷ്യയായിരുന്നു മുന്നില്‍. ഒരുഘട്ടത്തില്‍ 8-3ന് മുന്നിലെത്തിയ ലക്ഷ്യയ്ക്കെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ലീ സി ജിയ തുടര്‍ച്ചയായി ഒമ്പത് പോയന്റുകള്‍ നേടി 11-8 എന്ന നിലയില്‍ മുന്നില്‍ക്കയറി. ലക്ഷ്യയ്ക്ക് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. 21-16ന് രണ്ടാം ഗെയിം മലേഷ്യന്‍ താരം സ്വന്തമാക്കി. ഇതിനിടെ കൈമുട്ടിലേറ്റ മുറിവില്‍ നിന്ന് രക്തം വന്നിനെ തുടര്‍ന്ന് ലക്ഷ്യയ്ക്ക് തുടര്‍ച്ചയായി മെഡിക്കല്‍ ടൈംഔട്ട് എടുക്കേണ്ടതായും വന്നു.
മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ് മലേഷ്യന്‍ താരം ലീഡ് നേടിയതോടെ ലക്ഷ്യ പ്രതിരോധത്തിലായി. ഇതോടെ സമ്മര്‍ദ്ദത്തിലായ ലക്ഷ്യക്ക് തിരിച്ചുവരവിന് കഴിഞ്ഞതുമില്ല. വ്യക്തമായ ലീഡുമായി ലീ മുന്നേറിയതോടെ മൂന്നാം ഗെയിം 21-11ന് മലേഷ്യന്‍ താരം മത്സരവും വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: