വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദർശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലഫ്. കേണല്‍ പദവിയുള്ള മോഹന്‍കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനും ഉരുള്‍പൊട്ടല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സൈനിക യൂണിഫോമിലാണ് അദ്ദേഹം എത്തിയത്. ഇപ്പോഴിതാ സന്ദര്‍ശനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്.
“വയനാട്ടിലെ തകര്‍ച്ച ഉണങ്ങാന്‍ സമയമെടുക്കുന്ന, ആഴമുള്ള ഒരു മുറിവാണ്. നഷ്ടപ്പെട്ട ഓരോ വീടും തടസപ്പെട്ട ജീവിതവും ഒരു വ്യക്തിപരമായ ദുരന്തമാണ്. അടിയന്തിര സഹായമെന്ന നിലയില്‍ വിശ്വശാന്തി ഫൗണ്ടേഷന് 3 കോടി രൂപ നല്‍കും. ഡോര്‍ഫ്- കേതല്‍ കെമിക്കല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്തുണയോടെയാണ് ഇത്. മുണ്ടക്കൈയിലെ എല്‍പി സ്കൂളിന്റെ പുനര്‍നിര്‍മ്മാണമാണ് ഞങ്ങളുടെ ഉറപ്പുകളില്‍ ഒന്ന്.
ഞാന്‍ കൂടി അംഗമായ 122 ടിഎ മദ്രാസ് ബെറ്റാലിയനിലെ സൈനികരുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും സധൈര്യമുള്ള പ്രയത്നത്തിന് സാക്ഷ്യം വഹിച്ചത് വലിയ അനുഭവമായിരുന്നു. അവരുടെ നിസ്വാര്‍ഥമായ അര്‍പ്പണവും തകരാതെ പിടിച്ചുനിന്ന സമൂഹവും പ്രതീക്ഷ സൃഷ്ടിക്കുന്നു. ഒരുമിച്ച് നമ്മള് പുനര്‍നിര്‍മ്മിക്കും, മുറിവുണക്കും, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും”, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചതിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു- “നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി. കഴിഞ്ഞ 16 വർഷമായി മദ്രാസ് 122 ബറ്റാലിയന്റെ ഭാഗമാണ് ഞാന്‍. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് ഞാൻ വന്നത്. ബെയ്ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരന്റെ സഹായം കൂടെയുണ്ട് ഇത് യാഥാർത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകും”
പ്രതികരിക്കാൻ ഇവിടെ എഴുതുക: