കരീബിയന്‍ ദ്വീപ സമൂഹത്തിലെ സെന്റ് ലൂസിയ എന്ന രാഷ്ട്രത്തിന് കായിക ലോകത്ത് ഇതിലും വലിയൊരു സ്വപ്ന സാഫല്യം സംഭവിക്കാനില്ല. രാജ്യം ചരിത്രത്തില്‍ ആദ്യമായൊരു ഒളിംപിക് മെഡല്‍ നേടുന്നു, അതും ഒരു വനിതയിലൂടെ 100 മീറ്ററില്‍ സ്വര്‍ണം. ഈ ഇനത്തിന്റെ ഫൈനലിന് മുമ്പ് അമേരിക്കക്കാരി സക്കാരി റിച്ചാര്ഡ്സണ് ഏറെക്കുറേ ഉറപ്പാക്കി വച്ചിരുന്ന നേട്ടമാണ് സെന്റ് ലൂസിയയില്‍ നിന്നുളള 23കാരി ജൂലിയന്‍ ആല്‍ഫ്രഡ് അട്ടിമറിച്ചത്.
പാരീസ് ഒളിംപിക്സില്‍ വേഗ റാണിയെ നിശ്ചയിച്ച 100 മീറ്റര്‍ പോരാട്ടത്തില്‍ 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജൂലിയന്‍ ആല്‍ഫ്രഡ് പാരീസിലെ ഏറ്റവും തിളക്കമാര്‍ന്ന പൊന്‍ നേട്ടം കവര്‍ന്നത്.
ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ചാണ് അമേരിക്കയുടെ സക്കാരി ഇക്കുറി ഫൈനലിനിറങ്ങിയത്. സെമിയില്‍ പങ്കെടുക്കാതെ ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രെയ്സര്‍ കൂടി പിന്മാറിയതോടെ സക്കാരിയുടെ സ്വര്‍ണമെഡല്‍ കൂറേക്കൂടി ശക്തമായി ഉറച്ചു. ഇന്നലെ പുലര്‍ച്ചെ വേഗ റാണിക്കായുള്ള പോരാട്ടം തുടങ്ങിയതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ട കാഴ്ച സക്കാരിയെ ബഹുദൂരം പിന്നിലാക്കി കുതിച്ചുപാഞ്ഞെത്തുന്ന ജൂലിയന്‍ ആല്ഫ്രെഡിനെയാണ്. ട്രാക്കില്‍ പുതിയൊരു താരോദയത്തിന് പാരീസ് സാക്ഷിയായി.
വെറും രണ്ട് ലക്ഷം ജനങ്ങള്‍ മാത്രമുള്ള സെന്റ് ലൂസിയയില്‍ നിന്നും ഒളിംപിക്സില്‍ ഇക്കാലമത്രെയും പങ്കെടുത്തിട്ടുളളത് ആകെ ഏഴ് താരങ്ങളാണ്. അവരെല്ലാം ഫീല്‍ഡ് ഇനത്തിലാണ് മത്സരിച്ചത്. ആദ്യമായി ട്രാക്കില്‍ കുതിപ്പിനിറങ്ങി ലോക വേദി കീഴടക്കിയിരിക്കുകയാണ് ജൂലിയന്‍ ആല്‍ഫ്രെഡ്. മെഡല്‍ നേടിയ താരത്തിന്റെ പ്രതികരണം ഏറെ വൈകാരികമായിട്ടായിരുന്നു- ചെറുപ്പത്തില്‍ അച്ഛനാണ് കായിക രംഗത്തേക്ക് തിരിയാന്‍ പ്രേരണയായത്. 2013ല്‍ മരണപ്പെട്ടുപോയ അദ്ദേഹത്തിനുള്ളതാണ് ഈ മെഡലെന്ന് താരം പറഞ്ഞു.
വേഗക്കുതിപ്പില്‍ സക്കാരി റിച്ചാര്ഡ്സണ് 10.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയപ്പോള്‍ സഹതാരം മെല്ലിസ ജെഫേഴ്സണ്‍(10.92) വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: