ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ഗവ: സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം വൈകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.കെ.ശൈലജ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് ആശുപത്രി കെട്ടിടത്തിനുതറക്കല്ലിട്ടത്. നിര്‍മ്മാണം തുടങ്ങി 2021 ല്‍ ആശുപത്രി ഉദ്ഘാടനം നടത്തുമെന്നാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇത്ര നാളായിട്ടും ആശുപത്രിക്കാവശ്യമായ സംവിധാനങ്ങള്‍ പൂര്‍ത്തിയായില്ല.
നിലവില്‍ പ്ലമ്പിങും വയറിങ് ജോലികളുമാണ് നടന്നു വരുന്നത്. ഇതിനിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പ്രധാന കെട്ടിടത്തിന്റെ പല ഭാഗങ്ങളും മഴ പെയ്യുമ്പോള്‍ ചോരുവാനും തുടങ്ങി. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നതെന്നാണ് ആക്ഷേപം. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായ ഗുരുതര വീഴ്ചയും ക്രമക്കേടുകളും അന്വേഷിക്കണമെന്നാവശ്യവും ശക്തമാണ്. 40.30 കോടി മുടക്കി നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിക്ക് പ്രധാന കെട്ടിടം നിര്‍മ്മിക്കുവാന്‍ 23.53 കോടി രൂപയാണ് നബാര്‍ഡ് വഴി ചെലവാക്കിയത്. പ്രധാന കെട്ടിടത്തിന്റെ പല ഭാഗത്തും സീലിങ് ഇളകി മഴവെള്ളം വരാന്തയിലേക്ക് വീഴുന്നു.
നൂറനാട് ലെപ്രസി സാനിട്ടോറിയം ഗവ. സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഇപ്പോഴത്തെ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചിരുന്നു. 134.84 ഏക്കര്‍ ഉണ്ടായിരുന്ന ലെപ്രസി സാനിട്ടോറിയത്തിലെ 50 ഏക്കര്‍ ഭൂമി ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനു 99വര്‍ഷത്തെ പാട്ട കരാറില്‍ നല്‍കിയിരുന്നു. ശേഷിക്കുന്ന ഭൂമിയിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിച്ചത്.
കെപി റോഡിനോട് സ്ഥിതി ചെയ്യുന്ന നൂറനാട് സാനിട്ടോറിയത്തിലേക്ക് ചികിത്സ തേടി പ്രതിദിനം 500നും 700 നും ഇടയിലുള്ള ആളുകളാണ് എത്തുന്നത്. പത്തനംതിട്ട -കൊല്ലം-ആലപ്പുഴ ജില്ലകളുടെ സംഗമസ്ഥാനമായ ഇവിടുത്തെ ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മൂന്നു ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ആശുപത്രി കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭ്യമാകുക. ഉദ്ഘാടനത്തിനു മുമ്പായി കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍മ്മാണത്തിലുണ്ടായ ക്രമക്കേടുകളെപ്പറ്റി പ്രത്യേക അന്വേഷണം വേണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: