ലക്നൗ : അയോധ്യയിലെ ഭാദർസയിൽ നടന്ന കൂട്ടമാനഭംഗക്കേസിൽ ശക്തമായ നടപടിയുമായി യോഗി സർക്കാർ. എസ്പി നേതാവ് മൊയീദ് ഖാന്റെ വീടിന് നേരെ ബുൾഡോസർ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൊയീദ് ഖാന്റെ ഭൂമി അളന്നിരുന്നു . ഇതിനുപുറമെ, എസ്പി നേതാക്കളായ മുഹമ്മദ് റഷീദ്, ജയ് സിംഗ് റാണ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇവർ അനുരഞ്ജനത്തിനായി പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പുരകലന്ദർ പോലീസ് സ്റ്റേഷനിലെ പിപ്രി ഭാരത്കുണ്ടിൽ താമസിക്കുന്ന രാംസേവ്കദാസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൊയീദ് ഖാന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കുമെന്നും അനധികൃത സ്വത്തുക്കൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഭൂമി മൊയീദ് അനധികൃതമായി കൈയേറിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ യോഗി ആദിത്യനാഥ് തന്റെ ഔദ്യോഗിക വസതിയിൽ വച്ച് കണ്ടത്. പ്രതികൾക്ക് കർശനമായ ശിക്ഷ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ‘ എം.എൽ.എ ഡോ. അമിത് സിംഗ് ചൗഹാനൊപ്പം വന്ന അയോധ്യയിൽ നിന്നുള്ള ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല, അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. എന്തുവിലകൊടുത്തും പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’ എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൂട്ട ബലാത്സംഗ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അശ്ലീല വീഡിയോ പകർത്തുകയും, പിന്നീട് അത് കാട്ടി പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു . പെൺകുട്ടി രണ്ട് മാസം ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: