മേപ്പാടി: ഉരുള്‍പ്പൊട്ടലിന്റെ ഉത്ഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് റോഡ് നിര്‍മിച്ച് സൈനികര്‍. മുണ്ടക്കൈയില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ മുകളിലുള്ള സ്ഥലമാണ് പുഞ്ചരിമട്ടം.
ഒരു ഭാഗത്ത് ഏലത്തോട്ടവും മറുഭാഗത്ത് കാടും നിറഞ്ഞ മല. ഇവിടെ നിന്നാണ് ഉഗ്രസ്ഫോടനത്തിന് പിന്നാലെ വലിയ ആഴത്തില്‍ മല പൊട്ടി രണ്ട് ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കിയത്. ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും പുഞ്ചിരിമട്ടത്ത് എത്താന്‍ സാധിച്ചിരുന്നില്ല. എന്‍ഡിആര്‍എഫും, സൈനികരും എത്തിയ ശേഷമാണ് ഈ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും ഒറ്റപ്പെട്ട് കിടന്നവരെ രക്ഷപ്പെടുത്താനുമായത്. എങ്കിലും മുണ്ടക്കൈ വരെയെ റോഡുണ്ടായിരുന്നുള്ളു. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.
വഴിയില്ലാത്തതിനാല്‍ ഇവിടെ നിന്നു ലഭിച്ച മൃതദേഹവും പരിക്കേറ്റവരെയും സൈനികര്‍ എടുത്തുകൊണ്ടാണ് താഴെയെത്തിച്ചത്. കുടിവെള്ളവമോ ഭക്ഷണമോ ഇവിടെ എത്തിക്കാന്‍ സാധിക്കുന്നില്ലായിരുന്നു.
കഴിഞ്ഞദിവസം വായുസേനയുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററിലാണ് ഇവിടേക്ക് ഭക്ഷണമെത്തിച്ചത്. നിരവധി വീടുകള്‍ തകര്‍ന്ന ഇവിടെ യന്ത്രസാമ്രഗികള് എത്തിക്കാതെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മിച്ചത്. അമ്പതോളം സൈനികര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സാഹായത്തോടെയാണ് പണി പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: