തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണന് എന്ന സംഗീതജ്ഞന് വിടപറഞ്ഞിട്ട് 14 വര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള പുറം ലോകമറിയാത്ത സംഗീതസൃഷ്ടി വെളിച്ചം കാണാതെ കിടക്കുന്നു. അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ മഹാദേവന് തമ്പിയാണ് ഇക്കാര്യം മുന്‍പ് കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ജി. രാധാകൃഷ്ണനെ ജീവനുതുല്യം സ്നേഹിച്ച അദ്ദേഹത്തിന്റെ ഭാര്യ പത്മജയും വിടപറഞ്ഞു. രാമായണത്തെ ആധാരമാക്കി എം.ജി. രാധാകൃഷ്ണന് ചെയ്ത സംഗീതശില്പമാണ് ഇന്നും പുറത്താരും അറിയാതെ എവിടെയോ പൊടിപിടിച്ച് കിടക്കുന്നത്.
രാമായണത്തെ മുഴുവനായും അദ്ദേഹം സംഗീത നാടക രീതിയില്‍ അത് കമ്പോസ് ചെയ്തുവെച്ചിട്ടുണ്ട്. അതെല്ലാം റെക്കോഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതില്‍ ഗായിക ചിത്രയും ചിത്രയുടെ അച്ഛനും പാടിയിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോ മൂന്ന് മാസം വാടകയ്ക്കെടുത്താണ് അദ്ദേഹം ചിട്ടപ്പെടുത്തിയ രാമായണം മുഴുവനും റെക്കോഡ് ചെയ്തത്. ബൈബിളും അദ്ദേഹം ഇതുപോലെ പൂര്‍ണ്ണമായും സംഗീത നാടകരീതിയില്‍ ചിട്ടപ്പെടുത്തി കമ്പോസ് ചെയ്തിട്ടുള്ളതായി പറയുന്നു.
എല്ലാവര്ക്കും എം.ജി. രാധാകൃഷ്ണന് എന്ന ലളിതസംഗീതം ചിട്ടപ്പെടുത്തിയ മഹാരഥനായ സംഗീതജ്ഞനെ അറിയും. അതുപോലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ… സൂര്യകിരീടം വീണുടഞ്ഞു…. പഴംതമിഴ് പാട്ടിഴയും… തിരനുരയും ചുരുൾ മുടിയിൽ… ചാമരത്തിലെയും ദേവാസുരത്തിലെയും മണിച്ചിത്രത്താഴിലെയും അദ്വൈതത്തിലെയും അനന്തഭദ്രത്തിലെയും പാട്ടുകൾ പോലെ എഴുപതുകളുടെ അവസാനം മുതൽ മലയാളത്തിൽ സംഗീതവൃഷ്ടിയൊരുക്കിയ മഹാപ്രതിഭയായ സംഗീതജ്ഞനാണെന്നും എല്ലാവര്‍ക്കുമറിയുന്ന കാര്യം.
പക്ഷെ അദ്ദേഹം നല്ലൊരു ഇംഗ്ലീഷ് നോവല്‍ വായനക്കാരനായിരുന്നു. ദിവസവും രണ്ട് പുസ്തകങ്ങള്‍ വരെ വായിച്ചു തള്ളിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതസപര്യയുടെ കാലത്ത് തന്നെ ഹോളിവുഡ് സിനിമകള്‍ മുഴുവന്‍ മറക്കാതെ കാണുന്ന വ്യക്തികൂടിയായിരുന്നു എം.ജി. രാധാകൃഷ്ണന് എന്നും മഹാദേവന് തമ്പി ഓര്‍മ്മിയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: