തിരുവനന്തപുരം: തന്റെ വളര്‍ച്ചയ്ക്കും പ്രശസ്തിയ്ക്കും പിന്നില്‍ കന്യാകുമാരിയില്‍ ഒരു അവധൂതയെപ്പോലെ ജീവിച്ചിരുന്ന മായിയമ്മയുടെ അനുഗ്രമുണ്ടെന്ന് ഗായിക ചിത്ര ആഴത്തില്‍ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് ചിത്ര പറയുന്ന അനുഭവം രസകരമാണ്.ഈ 61ാം പിറന്നാള്‍ ദിനങ്ങളിലും ചിത്ര മായിയമ്മയെ മറക്കുന്നില്ല.
ചിത്രയുടെ അമ്മ പൂജപ്പുര മഹിളാമന്ദിരത്തില്‍ ഹെഡ് മിസ്ട്രസ് ആയിരുന്നു. അമ്മ വീണ വായിക്കുമായിരുന്നു. അമ്മ കവിതകളും എഴുതുമായിരുന്നു.
ചിത്ര ഓര്‍മ്മയില്‍ നിന്നെടുത്തുപറയുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. “പണ്ട് കന്യാകുമാരിയില്‍ ഒരു മായിയമ്മ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ അമ്മ (അമ്മൂമ്മ എന്നാണ് വിളിക്കുക) മായിയമ്മയുടെ വലിയ ഭക്തയായിരുന്നു. ഞാന്‍ ചിത്തിര നക്ഷത്രവും അമ്മൂമ്മ ചോതിയും. ഇത് തലേന്നും പിറ്റേദിവസവും ആയി വരുന്നത് കൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു ദിവസം അമ്മൂമ്മ മുണ്ടും ബ്ലൗസിന് തുണിയും രണ്ടാം മുണ്ടും ഭക്ഷണവും ഒക്കെയായി തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് മായിയമ്മയെ കാണാന്‍ പോകും. അപ്പോള്‍ കൂടെ എന്നെയും കൊണ്ടുപോകും. “- ചിത്ര പറയുന്നു.
കന്യാകുമാരി അമ്പലത്തില്‍ പോയിട്ട് പിന്നീട് ഈ മായിയമ്മയെ തിരക്കി നടക്കണം. മായിയമ്മ ഏതെങ്കിലും പാറയുടെ മുകളില്‍ കൂറെ പട്ടികളുമായി കാണും. തിരഞ്ഞ് കണ്ടുപിടിച്ച് കഴിഞ്ഞാല്‍ അമ്മൂമ്മ ഈ മുണ്ടൊക്കെ മായിയമ്മയ്ക്ക് കൊടുക്കും. എന്നെ കൂടെയിരുത്തി പാടിപ്പിക്കും. മലയാളം ആയിരിക്കും നമ്മള് മിക്കവാറും പാടുക. അന്നൊരിക്കല്‍ എന്റെ തലയില്‍ കൈവെച്ചിട്ട് മായിയമ്മ പറഞ്ഞു:”ഗീത് കി റാണി” (ഗാനത്തിന്റെ രാജ്ഞി).. “- ചിത്ര പറയുന്നു.
“അമ്മൂമ്മയ്ക്ക് മായിയമ്മയെ വലിയ വിശ്വാസമായിരുന്നതിനാല്‍ എന്റെ അമ്മ മായിയമ്മയെക്കുറിച്ച് ഒരു പാട്ടെഴുതി ട്യൂണ്‍ ചെയ്ത് ഞങ്ങളെ പഠിപ്പിച്ചു. അത് പിന്നീട് സന്ധ്യയ്ക്ക് നാമം ചൊല്ലുമ്പോള്‍ അതിന്റെ കൂടെ പാടുമായിരുന്നു. ‘അനന്തകോടി പുണ്യം ചെയ്തു’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. “- ചിത്ര ഓര്‍മ്മിയ്ക്കുന്നു.
ആരാണ് മായിയമ്മ?
” കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ”- മായിയമ്മയെക്കുറിച്ച്
കവി മധുസൂദനന്‍നായര്‍ എഴുതിയ കവിത. 1986 വരെ കന്യാകുമാരിയിൽ എത്തുന്നവർക്ക് തെരുവ് നായ്കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാൻ കഴിയുമായിരുന്നു. അതാണ് മായിയമ്മ.
ചിലപ്പോൾ കുഞ്ഞു പട്ടികുട്ടിക്കളെ എടുത്തു തന്റെ നഗ്നമായ മാറിലെ മുലകൾ കൊടുക്കുന്നതും കാണാം ..മിന്നൽ വേഗത്തിൽ ആർത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങൾ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളിൽ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും…ഒരിയ്ക്കല്‍ ഈ മായിയമ്മയെ തേടി ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിങ് തന്നെ കന്യാകുമാരിയില്‍ എത്തിയിട്ടുണ്ട്. ജഗദ്ഗുരു ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവർ എല്ലാം കന്യാകുമാരിയുടെ തീരങ്ങളിൽ മായിയമ്മയെ കാണാൻ വന്നവർ ആണ് ഭാരതത്തിലെ പ്രധാനപ്പെട്ട അവധൂതരില്‍ ഒരാളായി മായിയമ്മയെ കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: