തൃശൂര്‍ : 2018ലെ മഹാപ്രളയത്തിലും 2019 ലെ പ്രളയദുരന്തത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിരിച്ച ദുരിതാശ്വാസനിധിയില്‍ 230 കോടിയിലേറെ രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുന്നു. പ്രളയദുരന്തത്തില്‍ അകപ്പെട്ട ആയിരങ്ങള്‍ ആശ്വാസം ലഭിക്കാതെ കഴിയുമ്പോഴാണ് സാധാരണക്കാര്‍ സംഭാവനയായി നല്കിയ 230.75 കോടി രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍ പിടിച്ചുവച്ചത്.
തുക ഇപ്പോള്‍ ട്രഷറിയിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുണ്ട് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. പാലക്കാട് സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് പി.രാജീവിന് സര്‍ക്കാര്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018 ലും 19 ലും പ്രളയത്തിലകപ്പെട്ട് വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് നിരവധിയാളുകളാണ് വഴിയാധാരമായത്. ഇനിയും പലര്‍ക്കും ധനസഹായവും വീടും ലഭിച്ചിട്ടില്ല. 483 പേരാണ് 2018 ലെ മഹാപ്രളയത്തില്‍ സംസ്ഥാനത്ത് മരിച്ചത്. 15 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. വീടും സ്വത്തുവകകളും നഷ്ടമായവര്‍ പതിനായിരങ്ങളാണ്.
2019 ലെ പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ 181 ആണ്. പതിനയ്യായിരത്തിലേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2018 ലും 2019 ലും ഒട്ടേറെപ്പേര്‍ സംഭാവനകള്‍ നല്കി. ചെറിയ കുട്ടികള്‍ പോലും തങ്ങളുടെ സമ്പാദ്യം നല്കി. എന്നിട്ടും ഈ തുക അര്‍ഹരായവര്‍ക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
2018 ല്‍ സംഭാവനയായി ലഭിച്ചത് 3862.37 കോടിയാണ്. 2019 ല്‍ 1108.15 കോടിയും ലഭിച്ചു. ആകെ ലഭിച്ച തുക 4970.52 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: