പാരിസ്: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒളിംപിക്സിൽ മൂന്നാം മെഡൽ. സ്വപ്നിൽ കുശാലെയാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിന്റെ ഫൈനലിൽ വെങ്കലം സ്വന്തമാക്കിയത്. 451.4 പോയിന്റാണ് സ്വപ്നിൽ നേടിയത്. ഈയിനത്തില്‍ ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം പേരിലാക്കി.
44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ടുപേരായിരുന്നു ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. 463.6 പോയിന്റുമായി ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. 461.3 പോയിന്റുമായി യുക്രെയിൻ താരം എസ് കുലിശ് രണ്ടാം സ്ഥാനം നേടി. നീലിംഗ് പൊസിഷൻ, പ്രോൺ പൊസിഷൻ എന്നിവയിൽ പിന്നിലായിരുന്നെങ്കിലും സ്റ്റാൻഡിംഗ് പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് മൂന്നാമനായി കുശാലെ ഫിനിഷ് ചെയ്തത്
നേരത്തെ മനു ഭാകറിലൂടെയാണ് ഇന്ത്യ ഒളിംപ്കിസ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ സരബ് ജോത് സിങ്ങുമായി ചേർന്ന് മിക്സഡ് ടീം ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. ഇന്ത്യൻ റെയിൽവേസിൽ ടിക്കറ്റ് കലക്റ്ററായാണ് സ്വപ്നിൽ തന്റെ കരിയർ തുടങ്ങിയത്. ഒളിംപിക്സിൽ പങ്കെടുക്കുന്നത് ഇതാദ്യം. മഹാരാഷ്ട്രയിലെ കോലാപുരിനടുത്തുള്ള കംബല്‍വാഡി ഗ്രാമത്തില്‍ നിന്നുള്ള ഈ 29-കാരന് 2012 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കേണ്ടിവന്നത് ഒരു വ്യാഴാവട്ടക്കാലമാണ്. ആദ്യ ഒളിമ്പിക്സില്‍ത്തന്നെ മെഡലും.
ശാന്തതയും ക്ഷമയും ഒരു ഷൂട്ടറിന് അത്യന്താപേക്ഷിതമാണ്. ഈ രണ്ട് സ്വഭാവങ്ങളും ധോനിയുടെ വ്യക്തിത്വത്തിന്റെ ഭാഗവും. അതുകൊണ്ടുതന്നെയാണ് താന്‍ ധോനിയുടെ ആരാധകനാകുന്നതെന്നും സ്വപ്നില്‍ പറയുന്നു. സ്വപ്നിലിനൊപ്പം ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിംഗ് ടോമറിന് ഫൈനലിലേക്ക് കടക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: