ന്യൂദല്‍ഹി: സ്വകാര്യ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മിഷണര്‍, ബന്ധപ്പെട്ട ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എന്നിവരോട് കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്രഏജന്‍സിക്ക് കൈമാറുന്ന കാര്യം പരിഗണിക്കാമെന്ന സൂചനയും കോടതി ഇന്നലെ വാക്കാല്‍ നല്കി.
നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നു, കെട്ടിട നിയമങ്ങള്‍ പരിഷ്കരിക്കുന്നു, എന്നാല്‍ ഭൗതികവും സാമ്പത്തികവും ഭരണപരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതില്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരാജയപ്പെട്ടെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആറ്-ഏഴ് ലക്ഷം പേര്‍ക്ക് വേണ്ടിയാണ് നഗരം ആദ്യം ആസൂത്രണം ചെയ്തത്. ഇന്നത് മൂന്ന് കോടി കവിയുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. കെട്ടിടനിര്‍മാണ നിയമങ്ങള്‍ പരിഷ്കരിക്കുന്നു. എന്നാല്‍ ഓടകള്‍ക്ക് നൂറു വര്‍ഷം പഴക്കമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും ജൂനിയറായ ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കൃത്യമായി നടപടികള്‍ സ്വീകരിച്ചോ എന്ന് പരിശോധിക്കേണ്ട മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമോ. കൈയേറ്റങ്ങള്‍ നീക്കാത്തത് എന്തുകൊണ്ടാണ്. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രമോഷനുമായി തിരികെ വരും. നിയമങ്ങള്‍ പാലിക്കുന്നുണ്ടോ, ആവശ്യമായ നടപടികള്‍ സ്വീകരിച്ചോ എന്ന് പരിശോധിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ അവരുടെ എയര്‍കണ്ടീഷന്‍ ചെയ്ത ഓഫീസുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും കോടതി പറഞ്ഞു.
വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനമോടിച്ച് കോച്ചിങ് സെന്ററിന്റെ പ്രവേശന കവാടം തകര്‍ത്ത മനുജ് കതൂരിയയ്ക്ക് തീസ് ഹസാരി കോടതി ഇന്നലെ ജാമ്യം നിഷേധിച്ചു. കെട്ടിടത്തിന്റെ ബേസ്മെന്റിന്റെ സഹ ഉടമകളായ നാല് പേര്‍ക്കും ഇന്നലെ കോടതി ജാമ്യം നിഷേധിച്ചു. ഓള്‍ഡ് രജീന്ദര്‍ നഗറില്‍ തുടര്‍ച്ചയായി നാലാം ദിവസവും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടര്‍ന്നു. മന്ത്രി അതിഷി, ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: