മഴയുടെ രൂപഭാവങ്ങള്‍ മാറുന്നതെന്തുകൊണ്ട്?
കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായി നീണ്ടുകിടക്കുന്ന ന്യൂനമര്‍ദ്ദപാത്തിയും വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നതിന് കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി അതിതീവ്രമഴയുള്‍പ്പടെ ശക്തമായ മഴയാണ് പെയ്തത്. കവളപ്പാറയും പുത്തുമലയും മലയാളികളുടെ മനസ്സില്‍ നിന്ന് എളുപ്പം മാഞ്ഞുപോകുന്ന സ്ഥലനാമങ്ങളല്ല. ഈ പ്രദേശങ്ങള്‍ക്ക് ദൂരെയല്ലാതെയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടിയ ചൂരല്‍മലയും മുണ്ടക്കൈയും. പൊതുവെ മണ്ണിടിച്ചില്‍ സാധ്യതയുള്ള അതീവപരിസ്ഥിതിലോല പ്രദേശമാണിത്. തുടര്‍ച്ചയായി പെയ്ത തീവ്രമഴകള്‍ ഉരുള്‍പൊട്ടലിലേക്ക് നയിച്ചു.
ഇപ്പോള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ മാറി. അനുബന്ധമായി കേരളത്തിലെ മഴക്കാലത്തിലും പ്രകൃതി മാറ്റങ്ങള്‍ ദൃശ്യമാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി മഴപ്പെയ്‌ത്തിന്റെ പ്രകൃതം മാറി. ഒരു ഋതുവില്‍ കിട്ടേണ്ട മഴ ചിലപ്പോള്‍ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരു മാസം കൊണ്ട് കിട്ടേണ്ട മഴ ഒരാഴ്‌ച്ചക്കുള്ളില്‍ ലഭിക്കുന്നു. ഒരാഴ്‌ച്ച കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ ദിവസം കൊണ്ട് പെയ്യുന്നു. മറ്റുചിലപ്പോഴാകട്ടെ, ഒരു മണിക്കൂറുകൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. പൊതുവെ പറഞ്ഞാല്‍, കാലാവര്‍ഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്തൊഴിയുന്ന പ്രവണത വര്‍ധിക്കുന്നു.
ഇത്തരം അതിതീവ്ര മഴവേളകളെ ‘മേഘവിസ്ഫോടനം’എന്ന നിര്‍വചനത്തില്‍ ഒതുക്കാന്‍ സാങ്കേതികാര്‍ത്ഥത്തില്‍ കഴിയില്ല. എന്നാല്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴ, മേഘവിസ്‌ഫോടനം വഴി ലഭിക്കുന്ന മഴയുടെ അതേ പ്രകൃതം പ്രകടിപ്പിക്കുന്നവയാണ്. ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘കൂമ്പാര മഴമേഘങ്ങള്‍’ എന്ന വിഭാഗത്തില്‍പ്പെട്ട മേഘങ്ങളില്‍ നിന്ന് ലഭിക്കുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. എന്നാല്‍, മേഘവിസ്ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമഴമേഘങ്ങള്‍ സാധാരണഗതിയില്‍ കാലവര്‍ഷക്കാലത്ത് രൂപം കൊള്ളാറില്ല.
ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ സംവഹന പ്രക്രിയയിലൂടെയാണ് ‘കൂമ്പാരമേഘങ്ങള്‍’ ഉണ്ടാകുന്നത്. തുടര്‍ന്നും അനുകൂല സാഹചര്യങ്ങള്‍ ലഭ്യമാവുകയാണെങ്കില്‍ ഈ മേഘങ്ങള്‍ മുകളിലേക്ക് വികാസം പ്രാപിച്ച് ജലബാഷ്പ സമ്പന്നമായ കൂമ്പാരമഴമേഘങ്ങളായി തീരുന്നു. ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. മേഘവിസ്ഫോടനത്തിന് ഉറവിടമാകുന്നതും ഈ വിഭാഗത്തില്‍പ്പെട്ട മേഘങ്ങളാണ്. വേനല്‍ പിന്നിട്ട് മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഇത്തരം മേഘരൂപീകരണ സാധ്യത ഇല്ലെന്നുതന്നെ പറയാം. എന്നാല്‍, ജൂലൈ – ആഗസ്ത് മാസങ്ങളിലും മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേള്‍ക്കുന്നു എന്നതില്‍നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിധ്യം കാലവര്‍ഷ മധ്യത്തിലും സംസ്ഥാനത്ത് നിലനില്‍ക്കുന്നുവോ എന്ന കാര്യം പരിശോധിക്കണം. ഒരു ദശകത്തിന് മുന്‍പ് അതിതീവ്രമഴ സംസ്ഥാനത്ത് അപൂര്‍വ്വമായി മാത്രമാണ് അനുഭവപ്പെട്ടിരുന്നത്. ഇപ്പോള്‍, മണ്‍സൂണിലും തുലാമഴയിലും വേനല്‍ മഴയിലുമടക്കം ഇത്തരം മഴപ്പെയ്‌ത്തുകളുടെ ആവൃത്തിയും തീവ്രതയും ഏറെ വര്‍ധിച്ചു. 400 മില്ലീമീറ്ററിലും കൂടുതല്‍ മഴ 24 മണിക്കൂറില്‍ പെയ്യുന്ന സാഹചര്യങ്ങള്‍ക്കും നാം സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തിന്റെ ഹൈറേഞ്ച് മേഖലകളും താപനപ്രക്രിയക്ക് അടിപ്പെട്ടിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കണ്ടും കേട്ടും അനുഭവിച്ചും പരിചയമില്ലാത്ത കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നു. താപനകാലത്ത്, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ മേഘങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥാന്തരണമാണ് പ്രധാന കാര്യം. റഡാര്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം കനത്ത മേഘാവരണമാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ കാണപ്പെട്ടത്. അത് ദുരന്തത്തിലേക്കുള്ള ദുരിതപ്പെയ്‌ത്തായി മാറുമെന്ന് ആരും കണക്കാക്കിയില്ല; മുന്നറിയിപ്പും കൊടുത്തില്ല.
അമിതമഴയ്‌ക്കു കാരണം കാലാവസ്ഥാ വ്യതിയാനമോ?
കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളുടെ പ്രകടലക്ഷണം അന്തരീക്ഷ താപവര്‍ധനവാണ്. ചൂടേറുമ്പോള്‍ വായുവിന്റെ ഈര്‍പ്പഗ്രാഹക ശേഷി വര്‍ധിക്കുന്നു. അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഓരോ ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവിനും വായുവിന്റെ ഈര്‍പ്പഗ്രാഹകശേഷി ഏഴ് ശതമാനം കണ്ട് വര്‍ധിപ്പിക്കുവാനാകും. ഈര്‍പ്പസമ്പന്നമായ വായുവില്‍ നിന്ന് രൂപംകൊള്ളുന്ന മേഘങ്ങളില്‍ സ്വാഭാവികമായും ജലാംശം കൂടുതലായിരിക്കും. അതായത്, ആഗോളതാപന സാഹചര്യങ്ങളില്‍ കൂടുതല്‍ അളവില്‍ ജലാംശമുള്ള മേഘങ്ങള്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത പ്രബലമാണ്.
അധിക ജലസാന്നിധ്യം മൂലം ‘കനമേറിയ’ഇത്തരം മഴമേഘങ്ങളില്‍ നിന്നാവാം ഇപ്പോള്‍ ലഭിക്കുന്ന തരത്തിലുള്ള അതിതീവ്രമഴ ലഭിക്കുന്നതും. ഈ നിരീക്ഷണപ്രകാരം വരുംകാലങ്ങളിലും കാലവര്‍ഷക്കാലത്ത് അതിതീവ്രമഴ ഏറുന്നതിനുള്ള സാധ്യത ശക്തമാണ്.
കാലവര്‍ഷമഴ അതിതീവ്രമാകാനുള്ള മറ്റൊരു നിര്‍ണ്ണായക ഘടകമാണ് ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദസാന്നിധ്യം. ന്യൂനമര്‍ദ്ദവ്യൂഹങ്ങള്‍ മണ്‍സൂണിന്റെ ഘടകമാണ്; മണ്‍സൂണിനെ പുഷ്ടിപ്പെടുത്തുന്ന പ്രധാനഘടകം. കാലവര്‍ഷക്കാലത്ത് സാധാരണ ഗതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആറോളം ന്യൂനമര്‍ദവ്യൂഹങ്ങള്‍ രൂപം പ്രാപിക്കാറുണ്ട്. ഇവ കേരളത്തില്‍ ലഭിക്കുന്ന കാലവര്‍ഷമഴയെ ശക്തിപ്പെടുത്തുന്നു. ചില വര്‍ഷങ്ങളില്‍ ഇപ്രകാരം ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം പത്തില്‍ കൂടുതലാകാറുണ്ട്.കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളില്‍ അതിതീവ്രസ്വഭാവമുള്ള മഴപ്പെയ്‌ത്തിന് സാധ്യതയേറുമ്പോള്‍ ഇത്തരം ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിധ്യം മൂലം മഴ നീണ്ടുനിന്ന് പെയ്യുകയും പ്രളയ സാഹചര്യങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യാം.
പ്രളയ കാരണം: അതിതീവ്ര മഴ മാത്രമോ?
അതിതീവ്രമഴയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രളയത്തിന് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം മാറിയ ഭൂവിനിയോഗ ക്രമമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭൂവിനിയോഗത്തില്‍ ഉണ്ടായ വ്യതിയാനം മൂലം, ജലസംഭരണം, ജലനിര്‍ഗ്ഗമനം എന്നിവയ്‌ക്കുള്ള ഉപാധികള്‍ വലിയൊരളവില്‍ ഇല്ലാതാക്കിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ സംസ്ഥാനത്തുടനീളം ഉണ്ടായിരുന്ന തോടുകള്‍, കുളങ്ങള്‍, നെല്‍വയലുകളുടെ വിസ്തൃതിയില്‍ വന്‍ കുറവ് ഉണ്ടാവുകയും ചെയ്തിരിക്കുന്നു. 1950 കളില്‍ എട്ട് ലക്ഷത്തോളം ഹെക്ടറിനടുത്ത് ഉണ്ടായിരുന്ന നെല്‍വയലുകളുടെ വിസ്തീര്‍ണ്ണം നിലവില്‍ ഏതാണ്ട് രണ്ട് ലക്ഷം ഹെക്ടറോളമായി ചുരുങ്ങി. മഴവെള്ളത്തെ വന്‍ തോതില്‍ സംഭരിച്ച് ഭൂഗര്‍ഭജലശേഖരത്തെ പരിപോഷിപ്പിച്ചിരുന്ന നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും വരള്‍ച്ചാ വേളകളില്‍ ജലസ്രോതസുകള്‍ കൂടിയായിരുന്നു.
മഴക്കാലത്തെ അധികപ്പെയ്‌ത്ത് ജലം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ഈ ജലസംഭരണികള്‍ വെള്ളക്കെട്ടിനെയും പ്രളയസാധ്യതകളെയും വലിയൊരളവുവരെ നിയന്ത്രിച്ചിരുന്നു. ഇതിലൂടെ സംഭരിക്കപ്പെട്ടിരുന്ന ജലശേഖരം ഭൂമിയില്‍ ഉണ്ടായിരുന്നത് കൊണ്ടാവാം അക്കാലങ്ങളില്‍ വരള്‍ച്ചാവേളകളെ കേരളത്തിന് അതിജീവിക്കാനായതും.
ജലനിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങളുടെ അഭാവമാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു പ്രധാന കാരണം. തോടുകള്‍, ചാലുകള്‍, കനാലുകള്‍ എന്നിവ കേരളത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ പ്രത്യാ ഉണ്ടായിരുന്ന ജലനിര്‍ഗമന മാര്‍ഗങ്ങളായിരുന്നു. പരസ്പര ബന്ധിതമായ തോടുകള്‍, കനാലുകള്‍ എന്നിവയിലൂടെ പെയ്‌ത്ത് വെള്ളം ഏറെക്കുറെ സുഗമമായി ഒഴുകി പുഴകളിലേക്കും കായലുകളിലേക്കും അവിടെ നിന്ന് കടലിലേക്കും എത്തിച്ചേരുമായിരുന്നു. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്കും വെള്ളക്കെട്ട് ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്. എന്നാല്‍, തോടുകള്‍, കനാലുകള്‍ തുടങ്ങിയ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ച കൃത്രിമ ജലനിര്‍ഗമന മാര്‍ഗങ്ങള്‍, പ്രധാനറോഡുകളുടെ പാര്‍ശ്വങ്ങളിലുള്ള നിര്‍മിത ചാലുകള്‍ എന്നിവ കാര്യക്ഷമമായ രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ചുരുങ്ങിയ പക്ഷം കനത്ത മഴ പെയ്യുമ്പോഴുള്ള വെള്ളക്കെട്ടെങ്കിലും ഒഴിവാക്കാമായിരുന്നു. എന്നാല്‍, ഇത്തരം ചാലുകളില്‍ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞു കൂടി ജലം സുഗമമായി ഒഴുകുവാനനുവദിക്കുന്നില്ല. വ്യാപകമാകുന്ന നഗരവല്‍ക്കരണം വെള്ളക്കെട്ട് രൂക്ഷമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ ടാറിട്ട റോഡുകള്‍, കോണ്‍ക്രീറ്റ് നടപ്പാതകള്‍, വീടുകള്‍ക്ക് മുന്നിലുള്ള ടൈലുപാകിയ മുറ്റങ്ങള്‍ എന്നിവ ജലം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കുന്നവയല്ല. മാത്രമല്ല, നഗരങ്ങളിലെ ജല/ മലിനജല നിര്‍ഗമന സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു.
അതിതീവ്രമഴ ലഭിക്കാനുള്ള പ്രവണത കാലാവസ്ഥാ വ്യതിയാന സാഹചര്യത്തില്‍ ഏറിവരുന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ് എന്നിരിക്കെ അണക്കെട്ടുകളുടെ പരിപാലനവും വലിയ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. കാരണം, വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്താല്‍ അണക്കെട്ടുകളുടെ സംഭരണ ശേഷി കഴിഞ്ഞുള്ള ജലം തീര്‍ച്ചയായും ഒഴുക്കിവിടേണ്ടിവരും. അണക്കെട്ടുകളുടെ താഴെ പുഴയോരങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷയെ ലക്ഷ്യമാക്കി അത്തരം സാഹചര്യങ്ങളില്‍ ഉപയുക്തമായേക്കാവുന്ന കൃത്യമായ ‘ഫ്ളഡ് മാപ്പിങ്’ ഉണ്ടാക്കേണ്ടതും പ്രദേശവാസികളെ വിവരങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കേണ്ടതും ആവശ്യമാണ്.
ഉരുള്‍പൊട്ടലിനു കാരണം പാറമടകള്‍?
അതിതീവ്രമഴ മൂലമുണ്ടാകുന്ന പ്രളയത്തെപ്പോലെയോ ഒരു പക്ഷെ അതിനേക്കാള്‍ ഏറെയോ വിനാശകാരിയാണ് കനത്ത മഴക്കാലത്ത് ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍. മലകളിലെ പാ
റക്കെട്ടുകളിലോ മണ്ണിടുക്കുകളിലോ വന്‍തോതില്‍ ജലം ശേഖരിക്കപ്പെടുകയും ഇപ്രകാരം സംഭരിക്കപ്പെട്ട ജലത്തിന്റെ സമ്മര്‍ദ്ദം മൂലം മലയുടെ വലിയൊരു ഭാഗം ഒന്നാകെ ഇടിഞ്ഞ്, മണ്ണും ജലവും വന്‍പാറകളും മരങ്ങളുമടക്കം കുത്തിയൊലിച്ചുവന്ന് അതിന്റെ മാര്‍ഗത്തിലുള്ള സര്‍വ്വതിനേയും നശിപ്പിക്കുന്ന പ്രക്രിയയാണിത്.
മലകളിലെ മരക്കുറ്റികള്‍ ദ്രവിച്ച് സൃഷ്ടിക്കപ്പെടുന്ന അളകള്‍ എന്നിവയിലൂടെയൊക്കെ മഴവെള്ളം ഇപ്രകാരം ആഴ്ന്നിറങ്ങാം. ഇപ്രകാരം ആഴ്ന്നിറങ്ങുന്ന വെള്ളം ഭൂമിയുടെ അന്തര്‍ഭാഗത്തുകൂടി ചാല്‍ രൂപത്തില്‍ ഒഴുകുന്നു. മണ്ണും മണ്ണിലടങ്ങിയിരിക്കുന്ന ജൈവാവശിഷ്ടങ്ങളും ഇത്തരം ഭൗമാന്തര്‍ഭാഗങ്ങളിലൂടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വഹിക്കപ്പെടാം. ‘സോയില്‍ പൈപ്പിംഗ് ‘എന്നറിയപ്പെടുന്ന ഈ പ്രക്രിയ വഴി മണ്ണിനടിയില്‍ ഗര്‍ത്തങ്ങള്‍ രൂപീകരിക്കപ്പെടുന്നു. ഈ പ്രക്രിയയാണ് ഉരുള്‍ പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവയുടെ ആദ്യപടി.
മലകളിലെ കുത്തനെയോ അകത്തോട്ടോ ചരിവുകളുള്ള ഭാഗങ്ങളാണ് പെട്ടന്ന് ഉരുള്‍പൊട്ടലിന് വിധേയമാകുന്നത്. കേരളത്തിലെ മലനിരകളില്‍ സജീവമായ പാറമടകളുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ മലയിടിച്ചിലിന് കാരണമാകുന്നു. പാറമട പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ വച്ച് തകര്‍ത്ത് കരിങ്കല്ലെടുക്കുമ്പോള്‍ സ്വാഭാവികമായും പാറക്കെട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ വിള്ളലുകളിലൂടെ മഴവെള്ളം ഇറങ്ങി പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്നു. ഇപ്രകാരം പാറകള്‍ക്കിടയില്‍ സംഭരിക്കപ്പെടുന്ന ജലത്തിന്റെ സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ അത് ഉരുള്‍പൊട്ടലിന് വഴി വയ്‌ക്കുന്നു. കൂടാതെ, പാറ പൊട്ടിച്ചുണ്ടാകുന്ന വന്‍ ഗര്‍ത്തങ്ങളില്‍ മഴവെള്ളം സംഭരിക്കപ്പെട്ടും സമാന പ്രക്രിയ ആവര്‍ത്തിക്കപ്പെടാവുന്നതാണ്. മലയുടെ മുകളിലും മലഞ്ചരുവുകളിലും ഭൂമി ഉഴുതുമറിച്ച് കൃഷി നടത്തുന്നതും ഉരുള്‍ പൊട്ടലിന് വഴി തെളിക്കും.
ഉരുള്‍പൊട്ടല്‍ പ്രവചനം സാധ്യമോ ?
ഗുരുത്വാകര്‍ഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തില്‍ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ പോലുള്ള വസ്തുക്കളുടെ വന്‍തോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചില്‍ അഥവാ ഉരുള്‍പൊട്ടല്‍. അവ പെട്ടെന്നോ, സാവധാനത്തില്‍ ദീര്‍ഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവില്‍ പ്രവര്‍ത്തിക്കുന്ന ഗുരുത്വാകര്‍ഷണ ശക്തി ചരിവിന്റെ പ്രതിരോധ ശക്തിയെക്കാള്‍ കൂടുതലാകുമ്പോള്‍, ചരിവ് പരാജയപ്പെടുകയും ഉരുള്‍പൊട്ടല്‍ സംഭവിക്കുകയും ചെയ്യും.
മണ്ണിടിച്ചില്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ ഒരു പ്രദേശത്തെ മേഖലകളായി വിഭജിക്കുന്ന പ്രക്രിയയാണ് Landslide Hazard Zonation. ദുരന്തനിവാരണത്തിന്റെ നിര്‍ണായക ഘടകമാണിത്. മണ്ണിടിച്ചില്‍ അപകടങ്ങളുടെ സ്ഥലാത്മകവിതരണ ക്രമം മനസിലാക്കുന്നതിനും ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മണ്ണിടിച്ചിലിന്റെ അപകടസാധ്യത, ആഘാതം എന്നിവ കുറയ്‌ക്കുന്നതിന് തീരുമാനങ്ങള്‍ എടുക്കുന്നതിനും നയരൂപകര്‍ത്താക്കള്‍, ആസൂത്രകര്‍, അടിയന്തര മാനേജ്‌മെന്റ് ഏജന്‍സികള്‍ എന്നിവരെ ഇത്തരം മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ വഴിതയ്യാറാക്കിയ ഭൂരേഖാചിതങ്ങള്‍ സഹായിക്കുന്നു. ഉരുള്‍പൊട്ടലിന്റെ കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച കൃത്യമായ പ്രവചനം വെല്ലുവിളിയാണെങ്കിലും, സാങ്കേതികവിദ്യയിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ പ്രക്രിയകളെക്കുറിച്ചുള്ള ധാരണയും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനും സാധിക്കും.
ഗാഡ്ഗില്‍ ആയിരുന്നോ ശരി ?
‘ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ‘ എന്ന് പൊതുവേ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി പഠന റിപ്പോര്‍ട്ട് ആയിരിക്കാം ഒരുപക്ഷേ ഇന്നോളം കാണാത്തത്ര ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുള്ള ഒരു പരിസ്ഥിതിസംരക്ഷണ-വികസന റിപ്പോര്‍ട്ട്. വിമര്‍ശനങ്ങളിലേറെയും വസ്തുതകളെ മറച്ചു പിടിക്കുകയോ, വളച്ചൊടിക്കുകയോ മന:പൂര്‍വ്വമോ അല്ലാതെയോ കാണാതെ പോവുകയോ ചെയ്തവയായിരുന്നു എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. ഇക്കാരണങ്ങളാല്‍ പൊതുജനസമക്ഷം ഈ റിപ്പോര്‍ട്ട് തെറ്റിദ്ധരിക്കപ്പെടുകയോ ,ആശയക്കുഴപ്പത്തിനിടയാക്കുകയോ ചെയ്തു. മാത്രമല്ല, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുകപ്പോലും ചെയ്യാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണാ ജനകമാംവിധം ഉയര്‍ത്തിക്കാണിച്ച് ജനക്കൂട്ടങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി ലോല മേഖലകള്‍ക്ക് അതിരുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ മാത്രമല്ല, ഓരോ മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ വരെ വ്യക്തവും ശക്തവുമായ ബഹുജനപങ്കാളിത്തം ഉണ്ടായിരിക്കേണ്ടതാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി സമൂഹത്തിലെ ചില പ്രത്യേക തട്ടിലുള്ളവരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നേറിയത്. പ്രകൃതിയെ ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിക്കുന്നിടത്തോളം പ്രകൃതിദുരന്തങ്ങളില്‍ നിന്നും വിടുതല്‍ അസാധ്യമാണെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിവരയിട്ടുപറയുന്നു. കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങള്‍ ഇത്തരം സാധ്യതകളെ കൂടുതല്‍ കൂടുതല്‍ പ്രബലമാക്കുക മാത്രമാണ് ചെയ്യുന്നത്. ഇതേ രീതിയില്‍ത്തന്നെ മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ ഇന്നോളം നമുക്ക് അപരിചിതമായ പ്രകൃതിദുരന്തങ്ങള്‍ പോലും ഭാവിയില്‍ സര്‍വ്വസാധാരണമാകുന്ന അവസ്ഥയുണ്ടാകുമെന്നതില്‍ സംശയമില്ല. പ്രകൃതി തരുന്ന പാഠങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്തവരാകുകയാണ് നമ്മള്‍. മലതുരന്നും, മട തുറന്നും, മരങ്ങള്‍ വെട്ടിയുമാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
‘അറിയുവിന്‍, മുറിവേറ്റ ശൈലങ്ങള്‍ നമ്മള്‍ക്ക് വറുതിയും മൃതിയും വിധിക്കുമല്ലോ’ എന്ന കവിവാക്യം തികച്ചും അന്വര്‍ത്ഥമാവുകയാണോ!
(കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിലെ സയന്റിഫിക് ഓഫീസര്‍ ആയിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: