കല്‍പ്പറ്റ: വയനാട്ടില്‍ ഒറ്റ രാത്രി കൊണ്ട് ഒരു നാടുതന്നെ ഇല്ലാതായതാണ് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാനാകുക. മേപ്പാടിയില്‍ നിന്ന് ആദ്യമെത്തുന്ന ചൂരല്‍മലയില്‍ ഒരു ടൗണൊന്നാകെ തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്. ചൂരല്‍മലയിലെ തന്നെ വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചില ഭാഗങ്ങളൊഴിച്ചാല്‍ പൂര്‍ണമായിത്തന്നെ തകര്‍ന്നു. പൊളിയാതെ നില്ക്കുന്ന കെട്ടിടത്തിനകത്ത് പോലും ചെളിയും മരക്കഷ്ണങ്ങളും മണ്ണും കല്ലും അടിഞ്ഞുകിടക്കുകയാണ്.
അര്‍ദ്ധരാത്രിയില്‍ വലിയ ശബ്ദത്തോടെ കുത്തിയൊലിച്ച് വന്ന മലവെള്ളപ്പാച്ചിലില്‍ ഒരു ഗ്രാമം ഒന്നായി ഒഴുകിപ്പോകുകയായിരുന്നു. ഹൃദയഭേദകമാണ് മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയും കാഴ്ചകള്‍. നിരവധി പേര് ഇപ്പോഴും മണ്ണിനടിയിലാണെന്ന സംശയവും നിലനില്‍ക്കുകയാണ്. വെളിച്ചം വീഴുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വീണ്ടും ഉരുള്‍പൊട്ടിയത് ദുരന്തത്തിന്റെ ആഴം കൂട്ടി.
രാത്രി ഒന്നരയ്ക്കും രണ്ടിനുമിടെയായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍, പിന്നീട് നാലരയോടെ വീണ്ടും ഉരുള്‍പൊട്ടി. ഇത് ദുരന്തത്തിന്റെ തീവ്രത കൂട്ടി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയും മുന്നെ പലരും വെള്ളത്തിലും ചെളിയിലും മുങ്ങിപ്പോയി. ശ്വാസം കിട്ടുന്നില്ല, ഞങ്ങളെ രക്ഷിക്കണേ എന്ന വീട്ടമ്മയുടെ നിലവിളി കേട്ടവരുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുകയാണ്.
ഭര്‍ത്താവും മകളും വീട്ടില്‍ ചെളിയില്‍ അകപ്പെട്ടെന്ന് കരഞ്ഞു പറഞ്ഞ വീട്ടമ്മയുടെ സഹായത്തിനായുള്ള നിലവിളിയില്ത്തന്നെ ദുരന്തത്തിന്റെ ആഴം വ്യക്തമായിരുന്നെന്ന് ചിലര്‍ സംഭവം വിവരിക്കുന്നു. ഓടിയെത്തിയ പലര്‍ക്കും ആദ്യമൊന്നും മനസിലായില്ല, ചുറ്റിലും ചെളിയും വെള്ളവും മാത്രമാണെന്ന് പലരും തിരിച്ചറിഞ്ഞു. വീട് ചെളിയില്‍ മുങ്ങിയിരിക്കുകയാണ്. കൂടെയുള്ളവര്‍ക്ക് ജീവനുണ്ടോയെന്ന് പോലും അറിയില്ല. ഇത്തരത്തില്‍ ഓര്‍ത്തെടുക്കാന്‍ പോലും ഭയപ്പെടുന്ന നിരവധി അനുഭവങ്ങളാണ് ദുരന്തഭൂമിയില്‍ നിന്ന് പ്രദേശ വാസികള്‍ പറയുന്നത്. ”എങ്ങനെയെങ്കിലും രക്ഷിക്കണം. മുണ്ടക്കൈയില്‍ ഒരുപാട് ആളുകള്‍ മണ്ണിനടിയിലാണ്. വണ്ടിയെടുത്ത് വരാന്‍ പറ്റുമെങ്കില്‍ പരമാവധിയാളുകള്‍ വാ… ഇപ്പോ വന്നാല്‍ ജീവന് രക്ഷിക്കാനാകും”, കരഞ്ഞു പറഞ്ഞു മറ്റു ചിലര്‍. ഇത് ശബ്ദ സന്ദേശമായി പലയിടത്തുമെത്തി. ഇതോടെ മേപ്പാടിയില്‍ നിന്നടക്കം നിരവധി പേരാണ് രാത്രിയില്‍ തന്നെ ചൂരല്‍മലയിലെത്തിയത്.
മുന്നൂറിലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തില്‍ നാമമാത്രമായ വീടുകളാണ് ബാക്കി. അവശേഷിക്കുന്ന വീടുകള്‍ നിറയെ ചെളിയും വെള്ളവും മൂടിയ നിലയിലാണ്. പല കുടുംബങ്ങളെയും കാണാത്ത സാഹചര്യവുമുണ്ട്. ഇവര്‍ മണ്ണിടിച്ചിലിലകപ്പെട്ടോ, സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നോ എന്നൊന്നും വ്യക്തമാകാത്ത അവസ്ഥയാണ്. ചെമ്പ്ര, വെള്ളരിമലകളില്‍ നിന്നായി ഉദ്ഭവിക്കുന്ന പുന്നപ്പുഴയുടെ തീരത്താണ് ഈ പ്രദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: