വയനാട്: വയനാട്ടില്‍ പ്രാദേശികമായി ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.എച്ച്.എം.സ്റ്റേറ്റ് മിഷന് ഡയറക്ടറെ നിയോഗിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവര്ത്തകന് വീതം ചുമതല നല്കാന് നിര്‍ദേശം നല്കി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാന്‍ നിര്‍ദേശം നല്കി.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാതലത്തിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു. ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങള്‍ക്കുമായി ടെലി മനസ് ശക്തിപ്പെടുത്തി. ടെലി മനസ് ടോള്‍ഫ്രീ നമ്പരില്‍ (14416) 24 മണിക്കൂറും സേവനം ലഭ്യമാണ്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്ട്രോള് റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പരുകളില്‍ വിളിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: