ചേര്‍ത്തല: അനശ്വര നടന് രാജന് പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 15 ആണ്ട്. നാടകത്തില്‍ തുടങ്ങി സിനിമയില്‍ തിളങ്ങി ജനഹൃദയങ്ങളില്‍ ഭാവവിസ്മയം കൊണ്ട് ഇന്ദ്രജാലം കാട്ടി ഓര്‍മകളുടെ ഫ്രെയിമിലേക്ക് കാലം കൂട്ടിക്കൊണ്ടുപോയ രാജന് പി. ദേവ് കലാസ്നേഹികളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു സ്മാരകം ഉയരാത്തതിലുള്ള വേദനയുമായാണ് സുഹൃത്തുക്കളും ആരാധകരും ഇത്തവണയും ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കാനെത്തുന്നത്.
ചേര്‍ത്തലയുടെ സ്വന്തം കൊച്ചുവാവ അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ നിലയ്ക്കാത്ത കൈയടികള്‍ കൊണ്ട് വെടിക്കെട്ട് തീര്‍ക്കുന്ന കാണികള്‍, മലയാളക്കരയാകെ അലയടിച്ച കാട്ടുകുതിരയിലെ എടീ മങ്കേ… എന്ന അനശ്വര ഡയലോഗ് മലയാളികള്‍ക്കിന്നും പ്രിയങ്കരം. ചേര്‍ത്തല പരത്തിപ്പറമ്പില്‍ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ രാജന് പി. ദേവ് വളരെ ചെറുപ്പത്തിലേ നാടകത്തിലെത്തി. അമച്വര്‍ നാടകത്തില്‍ തുടങ്ങി പ്രൊഫഷണല്‍ നാടകത്തിലൂടെയുള്ള വളര്‍ച്ച രാജനെ അഭിനയലോകത്തിന്റെ കൊടുമുടിയിലെത്തിച്ചു. മലയാള നാടക വേദി എന്ന ട്രൂപ്പ് തുടങ്ങിയെങ്കിലും ഏറെ നാള് നീണ്ടുനിന്നില്ല. പരാജയം രാജന്റെ വിജയത്തിന്റെ തുടക്കമായിരുന്നു. എസ്എല്‍പുരം സദാനന്ദന്റെ കാട്ടുകുതിര നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തലവര മാറ്റിയെഴുതി. കൊച്ചുവാവ പതിനായിരത്തില്‍ പരം വേദികള്‍ നിറഞ്ഞ് കവിഞ്ഞു.
നാട്ടിലെ സാംസ്കാരിക വേദികളിലും സൗഹൃദ കൂടിക്കാഴ്ചകളിലും എന്നും നിറസാന്നിദ്ധ്യമായിരുന്നു. എറണാകുളം ഹരിശ്രീ തീയേറ്റേഴ്സിന്റെ മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍ എന്ന നാടകത്തിലാണ് അഭിനയത്തിന്റെ മാറ്റ് വീണ്ടും ഉരച്ചത്. ഇതും സൂപ്പര്‍ഹിറ്റായി. ഇതിലെ കഥാപാത്രമായ ഉണ്ണിത്തമ്പുരാന് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. പിന്നീട് സ്വന്തം ട്രൂപ്പായ ജൂബിലി തീയേറ്റേഴ്സിലൂടെ നാടക സംവിധാനത്തിലും മികവ് തെളിയിച്ചു. സ്വന്തം ട്രൂപ്പില്‍ നിന്നും ആദിത്യമംഗലം ആര്യവൈദ്യശാല എന്ന നാടകമായിരുന്നു ആദ്യത്തേത്. അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന നാടകത്തിലെ വേതാളം പൈലി എന്ന കഥാപാത്രത്തിന് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ഇതോടെ രാജന് പി. ദേവ് എന്ന കലാകാരന് ആസ്വാദക ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. നാടകത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സിനിമയിലേക്ക് വന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാര്‍ലോസ് ഏറെ പ്രശംസ പിടിച്ചുപറ്റി. മലയാള സിനിമയില്‍ ഹാസ്യാത്മകത നിറഞ്ഞ വില്ലന്‍ വേഷം ചെയ്യുന്ന താരമായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും, സ്വഭാവ നടനായും, ഹാസ്യനടനായും അഭിനയിച്ചു. ആദ്യകാല നടനും എഴുത്തുകാരനുമായിരുന്ന മുതുകുളം രാഘവന്‍പിള്ളയുടെ പേരിലുള്ള ആദ്യ അവാര്‍ഡും അദ്ദേഹത്തിനായിരന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ചിത്രങ്ങള്‍ പലതും സൂപ്പര്‍ഹിറ്റായി.
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അവസരങ്ങള്‍ ലഭിച്ചു. സുരേഷ് ഗോപി നായകനായ റിങ് ടോണ്‍ ആയിരുന്നു അവസാന ചിത്രം. 2009 ജലൈ 29 നാണ് ആ അഭിനയ പ്രതിഭയെ 58-ാം വയസില്‍ മരണം തട്ടിയെടുത്തത്. രാജന് പി. ദേവ് കടന്നുപോയി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉചിതമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചില്ലെന്നതാണ് വാസ്തവം. രാജന് പി. ദേവ് കള്‍ച്ചറല്‍ ഫോറത്തിന്റെ അനുസ്മരണ ചടങ്ങുകള്‍ മാത്രമാണ് അനശ്വര നടന്റെ ഓര്‍മകള്‍ നിലനിര്‍ത്തുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴില്‍ സ്മാരകം എത്രയും വേഗം പൂര്‍ത്തിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: