ബെംഗളൂരു: പാപ്പരത്വ നടപടിയില്‍ നിന്നും ബൈജൂസിന് ഉടന്‍ ആശ്വാസമില്ല; പാപ്പരത്വ നടപടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു
ബിസിസിഐയ്ക്ക് നല്‍കാനുള്ള തുക ബൈജൂസില്‍ നിന്നും ഈടാക്കാന്‍ കമ്പനിയ്ക്കെതിരെ പാപ്പരത്വ നടപടി ഉടന്‍ ആരംഭിക്കാന്‍ ദേശീയ ലോ ട്രിബ്യൂണല്‍ നല്കിയ ഉത്തരവിനെതിരെ കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ച ബൈജു രവീന്ദ്രന് തിരിച്ചടി. പാപ്പരത്വ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി വിധി പറയാതെ മാറ്റിവെയ്ക്കുകയായിരുന്നു കര്‍ണ്ണാടക ഹൈക്കോടതി.
ഇനി ജൂലായ് 30നേ ഈ ഹര്‍ജി പരിഗണിക്കൂ. “നിങ്ങള്‍( ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്) കുറച്ചുകാലത്തിനുള്ളില്‍ ഇത് മൂന്നാമത്തെ തവണയാണ് കോടതിയില്‍ വരുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.”- കര്‍ണ്ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണകുമാര്‍ ബൈജൂസ് ഉടമ ബൈജു രവീന്ദ്രനോട് ഇത്രയും പറഞ്ഞ ശേഷമാണ് അപേക്ഷ ജൂലായ് 30ന് പരിഗണിക്കാന്‍ മാറ്റിവെച്ചത്. ദേശീയ ലോ ട്രിബ്യൂണലിന്റെ പാപ്പരത്വ നടപടി തുടങ്ങാനുള്ള വിധി പക്ഷപാതപരമാണെന്നായിരുന്നു ബൈജു രവീന്ദ്രന്റെ വാദം.
158 കോടി രൂപയാണ് ബൈജൂസ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡായ ബിസിസിഐയ്ക്ക് നല്‍കാനുള്ളത്. ഈ തുക തിരിച്ചുപിടിക്കാന്‍ ബൈജൂസിനെ നോക്കിനടത്തുന്ന തിങ്ക് ആന്റ് ലേണ്‍ എന്ന കമ്പനിയെ പാപ്പരത്വ നടപടിക്ക് വിധേയമാക്കണമെന്നതാണ് ദേശീയ ലോ ട്രിബ്യൂണല്‍ വിധിച്ചത്.
ജൂലായ് 29ന് തന്നെ ചെന്നൈ ആസ്ഥാനമായ ദേശീയ ലോ ട്രീബ്യൂണല്‍ ഓഫീസ് പാപ്പരത്വ നടപടിയില്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: