ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു. ബിജെപി കേന്ദ്ര ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രധാനമന്ത്രിയെ യോഗത്തിലേക്ക് സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍, വികസന പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കി സംസാരിച്ചു.
മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ഭജന്‍ലാല്‍ ശര്‍മ (രാജസ്ഥാന്‍), മാണിക് സാഹ (ത്രിപുര), മോഹന്‍കുമാര്‍ യാദവ് (മധ്യപ്രദേശ്), ബീരേന്‍ സിങ് (മണിപ്പൂര്‍), ഭൂപേന്ദ്ര പട്ടേല്‍ (ഗുജറാത്ത്), പുഷ്‌കര്‍ സിങ് ധാമി (ഉത്തരാഖണ്ഡ്), ഹിമന്ത ബിശ്വശര്‍മ (ആസാം), പ്രമോദ് സാവന്ത് (ഗോവ), വിഷ്ണുദേവ് സായ് (ഛത്തീസ്ഗഡ്), പേമ ഖണ്ഡു (അരുണാചല്‍ പ്രദേശ്), മോഹന്‍ ചരന്‍ മാഞ്ചി (ഒഡീഷ), നായബ് സിങ് സൈനി (ഹരിയാന) എന്നിവരും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ (യുപി), വൈ. പട്ടന്‍ (നാഗാലാന്റ്), സാമ്രാട്ട് ചൗധരി, വിജയ്കുമാര്‍ സിന്‍ഹ (ഇരുവരും ബിഹാര്‍), ദിയാകുമാരി (രാജസ്ഥാന്‍), ദേവേന്ദ്ര ഫട്നവിസ് (മഹാരാഷ്‌ട്ര) എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: