പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഒളിംപിക്സ് 10മീറ്റർ എയർ പിസ്റ്റളിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്.
ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.
യോഗ്യതാ റൗണ്ടില്‍ 580 പോയന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരം കൂടിയാണ് 22കാരിയായ മനു ഭാക്കര്‍.
2017-ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹീനാ സിദ്ധുവിനെ ഞെട്ടിച്ചാണ് ഭാക്കര്‍ ഷൂട്ടിംഗ് രംഗത്ത് വരവറിയിക്കുന്നത്. 2017-ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. പിന്നീട് മെക്സികോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം. ഐഎസ്എസ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും ഭാക്കര്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: